ശബരിമല : അയ്യപ്പ ഭക്തരെ കൊണ്ട് സന്നിധാനവും പമ്പയും തിങ്ങി നിറഞ്ഞു. മണ്ഡല കാലത്തെ പ്രധാന ചടങ്ങായ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന ഇന്ന് നടക്കും. എല്ലാ വഴികളിലും തീർഥാടകരാണ്. എവിടെയും ശരണം വിളികൾ മാത്രം. ദർശനം കഴിഞ്ഞ തീർഥാടകരിൽ ഒരു ഭാഗം തങ്ക അങ്കി ചാർത്തി ദീപാരാധന തൊഴുന്നതിനായി കാത്തിരിക്കുകയാണ്. തിരക്ക് കൂടിയതോടെ ദർശനം കഴിഞ്ഞവർ മലയിറങ്ങി നാട്ടിലേക്കു മടങ്ങണമെന്ന് ഉച്ചഭാഷിണിയിലൂടെ ഇടയ്ക്കിടെ അറിയിപ്പ് നൽകുന്നുണ്ട്.
തങ്കഅങ്കി ഘോഷയാത്ര നാലാം ദിവസമായ ഇന്ന് രാവിലെ പെരുനാട് ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടു. പുതുക്കട, ളാഹ, പ്ലാപ്പള്ളി, നിലയ്ക്കൽ , അട്ടത്തോട് വഴി ഉച്ചയ്ക്ക് പമ്പയിൽ എത്തും. 3 വരെ ഗണപതി കോവിലിൽ ദർശനത്തിനു വയ്ക്കും. 3 ന് സന്നിധാനത്തേക്ക് പുറപ്പെടും. വൈകിട്ട് 6.25 ന് പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും. നാളെ ഉച്ചയ്ക്ക് 12 നും 12.30 നും മധ്യേ മണ്ഡല പൂജ നടക്കും. മണ്ഡല കാല തീർഥാടനത്തിനു സമാപനം കുറിച്ച് രാത്രി 11 ന് നട അടയ്ക്കും.