റിയാദ്: അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനായി മോട്ടോർ സൈക്കിൾ ആംബുലൻസ് അവതരിപ്പിച്ച് സൗദി അറേബ്യ. മദീനയിലാണ് മോട്ടോർ സൈക്കിൾ ആംബുലൻസ് അവതരിപ്പിച്ചിരിക്കുന്നത്. മദീന മേഖല ഗവർണർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ മദീന ബ്രാഞ്ച് ഡയറക്ടർ ഡോ അഹമ്മദ് ബിൻ അലി അൽ സഹ്റാനിയും സംഘടനയുടെ മറ്റ് പ്രധാന നേതാക്കളും ചേർന്നാണ് ആംബുലൻസിൻ്റെ ലോഞ്ചിങ് നിർവ്വഹിച്ചത്.
അടയിന്തര സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോട്ടോർ സൈക്കിൾ ആംബുലൻസ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി അടിയന്തിര സാഹചര്യങ്ങളിൽ മെഡിക്കൽ ടീമുകളുടെ വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. കനത്ത ട്രാഫികും തിരക്കേറിയതുമായ സ്ഥലങ്ങളിൽ രോഗികളെ എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി മോട്ടോർ സൈക്കിൾ ആംബുലൻസിന് സാധിക്കും.