വാഷിങ്ടൺ: ഗ്രീൻലാൻഡ് വാങ്ങാനുള്ള നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആഗ്രഹത്തോട് പ്രതികരിച്ച് ഗ്രീൻലാൻഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ. രാജ്യം വിൽക്കാനുള്ളതല്ലെന്നും ഒരിക്കലും അങ്ങനെയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീൻലാൻഡ് നമ്മുടേതാണ്. ഞങ്ങൾ രാജ്യം വിൽപ്പനക്ക് വെച്ചിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ല. സ്വാതന്ത്ര്യത്തിനായുള്ള നമ്മുടെ നീണ്ട പോരാട്ടം മറക്കരുതെന്നും മ്യൂട്ടെ എഗെഡെ ഒരു പറഞ്ഞു.സ്വീഡനിലെ മുൻ ദൂതൻ കെൻ ഹൗറിയെ കോപ്പൻഹേഗനിലെ തൻ്റെ അംബാസഡറായി തിരഞ്ഞെടുത്തതായി ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചു. തുടർന്ന് ഗ്രീൻലാൻഡിൻ്റെ ഉടമസ്ഥാവകാശം തികച്ചും ആവശ്യമാണെന്ന് യുഎസിന് തോന്നുന്നുവെന്ന് അഭിപ്രായപ്പെട്ടു.
ലോകമെമ്പാടുമുള്ള ദേശീയ സുരക്ഷയുടെയും സ്വാതന്ത്ര്യത്തിൻ്റെയും ആവശ്യങ്ങൾക്കായി, ഗ്രീൻലാൻഡിൻ്റെ ഉടമസ്ഥതയും നിയന്ത്രണവും ഒരു സമ്പൂർണ ആവശ്യമാണെന്ന് അമേരിക്ക കരുതുന്നുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.കാനഡയെ യുഎസിൻ്റെ 51-ാമത് സംസ്ഥാനമാക്കി മാറ്റാനും പനാമ കനാൽ വാങ്ങാനും ഡൊണാൾഡ് ട്രംപ് ആഗ്രഹം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പ്രസ്താവന.
ആദ്യം പ്രസിഡന്റായിരുന്ന കാലത്തും ട്രംപ് ദ്വീപ് വാങ്ങാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഗ്രീൻലാൻഡും ഡെന്മാർക്കും നിരസിച്ചു. ട്രംപിൻ്റെ ഓഫർ അസംബന്ധമാണെന്ന് അന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ വിശേഷിപ്പിച്ചിരുന്നു.