ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് വിവാഹിതനാവുകയാണെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഡിസംബര്‍ 28ന് അമേരിക്കയിലെ കൊളറാഡോയില്‍ നടക്കുന്ന ചടങ്ങില്‍ ജേണലിസ്റ്റായ ലോറന്‍ സാഞ്ചെസിനെ വിവാഹം കഴിക്കുമെന്നായിരുന്നു റിപ്പോർട്ട്. പിന്നാലെ വിവാഹത്തിനായി 600 ദശലക്ഷം ഡോളര്‍ (ഏകദേശം 5096 കോടി രൂപ) ചെലവഴിക്കുമെന്ന വാർത്തകളും പ്രചരിച്ചു. ഇപ്പോഴിതാ ചെലവ് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജെഫ് ബെസോസ്. എക്‌സിലൂടെയാണ് ജെഫ് ബെസോസിന്റെ പ്രതികരണം.
പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ബെസോസ് എക്‌സില്‍ കുറിച്ചു. സത്യം പുറത്തുവരുന്നതിന് മുമ്പ് നുണ ലോകം ചുറ്റുകയാണെന്നും ബെസോസ് കൂട്ടിച്ചേര്‍ത്തു. നിക്ഷേപകന്‍ ബില്‍ ആക്ക്മാന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ബെസോസ് മറുപടി നല്‍കിയത്. വാര്‍ത്ത വിശ്വസനീയമല്ലെന്നും അതിഥികള്‍ക്ക് ഓരോ വീടുവാങ്ങിക്കൊടുക്കാതെ ഇത്രയും പണം ചെലവാക്കാനാവില്ല എന്നായിരുന്നു ആക്ക്മാന്റെ ട്വീറ്റ്.
2018ലാണ് ജെഫ് ബെസോസും സാഞ്ചെസ്സും ഡേറ്റിങ് ആരംഭിച്ചത്. 2019ലാണ് ഇരുവരും പ്രണയവിവരം പുറത്തുവിട്ടത്. ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു 55 വയസ്സുകാരി ലോറന്‍ സാഞ്ചെസ്. ഹെലികോപ്ടര്‍ പൈലറ്റ് ലൈസന്‍സും സ്വന്തമായുള്ള സാഞ്ചെസ് നേരത്തെ ബ്ലാക്ക് ഒപ്‌സ് ഏവിയേഷന്‍ എന്ന കമ്പനിയുടെ മേധാവിയായിരുന്നു. ഹോളിവുഡ് ഏജന്റായ പാട്രിക് വൈറ്റ്‌സെല്ലിനെയാണ് സാഞ്ചെസ് നേരത്തേ വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. നിക്കോ എന്നുപേരുള്ള മറ്റൊരു മകനും സാഞ്ചെസ്സിനുണ്ട്. ബെസോസിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയില്‍ ബെസോസിന് മൂന്ന് കുട്ടികളുണ്ട്.