അമരാവതി : പാഴ്സലിൽ വന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പെട്ടി തുറന്നപ്പോൾ മൃതദേഹം. ആന്ധ്രയിലെ പടിഞ്ഞാറൻ ഗോദാവരി ജില്ലയിൽ നാഗതുളസി എന്ന യുവതിക്കാണ് ഞെട്ടിക്കുന്ന അനുഭവമുണ്ടായത്.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള നാഗ തുളസി വീടുനിർമാണത്തിനു സഹായം തേടി ഒരു സംഘടനയെ സമീപിച്ചിരുന്നു. വീടിനു വേണ്ട തറയോടുകൾ അവർ നൽകുകയും ചെയ്തു. വീണ്ടും സഹായം ചോദിച്ചപ്പോൾ ഫാനുകളും ബൾബുകളും അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അയച്ചുകൊടുക്കാമെന്ന് സംഘടന അറിയിച്ചു.
അടുത്ത ദിവസം, സംഘടന അയച്ച ഉപകരണങ്ങളാണെന്നു പറഞ്ഞ് ഒരു യുവാവ് നാഗതുളസിയുടെ വീട്ടിൽ പാഴ്സലെത്തിച്ചു. തുറന്നു നോക്കിയപ്പോഴാണ് അതിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടത്. ഭയന്നുപോയ യുവതിയും കുടുംബവും പൊലീസിൽ വിവരമറിയിച്ചു. കുടുംബത്തോട് 1.30 കോടി രൂപ ആവശ്യപ്പെടുന്ന കത്തും പാഴ്സലിൽനിന്നു കണ്ടെത്തിയിട്ടുണ്ട്.
സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേക്കു കൊണ്ടുപോയി. 45 വയസ്സുള്ള പുരുഷന്റെ മൃതദേഹമാണ് പാഴ്സലിൽ ഉണ്ടായിരുന്നതെന്നും അതിനു നാലോ അഞ്ചോ ദിവസം പഴക്കമുണ്ടെന്നും പൊലീസ് അറിയിച്ചു. പാഴ്സൽ എത്തിച്ച ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഘടനയുടെ ഭാരവാഹികളോട് ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.