വാഷിങ്ടൺ: ആറുമാസത്തിലേറെയായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ നാസ ശാസ്ത്രജ്ഞ സുനിതാ വില്യംസിന്റെയും സഹയാത്രികൻ ബുച്ച് വിൽമോറിന്റെയും മടക്കയാത്ര ഇനിയും വൈകും.ഫെബ്രുവരിയിൽ നിശ്ചയിച്ചിരുന്ന ഇവരുടെ മടക്കം മാർച്ച് അവസാനമേ ഉണ്ടാവൂ എന്ന് ചൊവ്വാഴ്ച നാസ അറിയിച്ചു. സ്പെയ്‌സ് എക്സിന്റെ ക്രൂ-10 ദൗത്യത്തിന് മാർച്ചിനുമുൻപ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക്(ഐ.എസ്.എസ്.) പോകാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് യാത്ര മാറ്റിവെക്കേണ്ടിവന്നത്. സെപ്റ്റംബറിൽ നിലയത്തിലെത്തിയ ക്രൂ-9 ദൗത്യം ഫെബ്രുവരിയിൽ മടങ്ങിവരുമ്പോൾ സുനിതയെയും വിൽമോറിനെയും തിരികെക്കൊണ്ടുവരാനാണ് നാസ ലക്ഷ്യമിട്ടിരുന്നത്. അതിനായി ക്രൂ-9 ഡ്രാഗൺ പേടകത്തിൽ രണ്ടുസീറ്റൊഴിച്ചിട്ടിരുന്നു. എന്നാൽ, ക്രൂ-10 നിലയത്തിലെത്തിയാലേ ക്രൂ-9 ന് മടങ്ങാനാകൂ എന്നാണ് നാസ ഇപ്പോഴറിയിച്ചിരിക്കുന്നത്. ക്രൂ-10ന് ഡ്യൂട്ടി കൈമാറുന്നതിനായാണിത്.
ഐ.എസ്.എസിൽ എട്ടുദിവസം തങ്ങി പരീക്ഷണങ്ങൾ നടത്താൻ ലക്ഷ്യമിട്ട് ജൂൺ അഞ്ചിനാണ് ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ സുനിതയും വിൽമോറും ബഹിരാകാശത്തേക്കുപോയത്. എന്നാൽ, സ്റ്റാർലൈനർ ഹീലിയം ചോർച്ച, ത്രസ്റ്ററുകളുടെ പരാജയം തുടങ്ങിയ സാങ്കേതികപ്രശ്നങ്ങൾ നേരിട്ടതോടെ മടക്കം അനിശ്ചിതത്വത്തിൽ ആ വുകയായിരുന്നു.സുരക്ഷാ ആശങ്ക കണക്കിലെടുത്ത് സുനിതയെയും വിൽമോറിനെയും കൂട്ടാതെ പേടകം സെപ്റ്റംബറിൽ മടങ്ങിയിരുന്നു.