ലോക ധ്യാന ദിനമായ ഡിസംബർ 21 ന് ഐക്യരാഷ്ട്രസഭയിൽ പ്രശസ്ത ആത്മീയ നേതാവും യോഗാചാര്യനുമായ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ പ്രഭാഷണം നടത്തും. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചതിനെ തുടർന്നാണിത്. ഡിസംബർ 20-ന് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ആദ്യമായി ലോക ധ്യാനദിനം ആഘോഷിക്കും.
“ആഗോള സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ധ്യാനം” എന്ന വിഷയത്തിൽ നടക്കുന്ന പരിപാടിയിൽ, ലോക ധ്യാന ദിനത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിൻ്റെ മുഖ്യ പ്രഭാഷണം. മുതിർന്ന യുഎൻ നേതാക്കൾ, നയതന്ത്രജ്ഞർ, അന്താരാഷ്ട്ര പ്രതിനിധികൾ എന്നിവരുൾപ്പെടെ ആഗോള പ്രമുഖരെയാണ് അഭിസംബോധന ചെയ്യുന്നത്. ആധ്യാത്മികതയിലൂടെയും ധ്യാനത്തിലൂടെയും മാനസിക ഉത്തേജകവും ലോക നന്മയും പ്രദാനം ചെയ്യാൻ കഴിയുമെന്ന് കാട്ടി തന്ന യോഗിവര്യനാണ് ശ്രീ ശ്രീ രവിശങ്കർ. വിവിധ രാജ്യങ്ങളിലായി നിരവധി ശിഷ്യ സമ്പത്തും ഇദ്ദേഹത്തിനുണ്ട്.
21 ന് ഗുരുദേവൻ തത്സമയമായി ലോക ജനതയോട് സംവദിക്കുകയും ചെയ്യും. “വേൾഡ് മെഡിറ്റേറ്റ്സ് വിത്ത് ഗുരുദേവ്” എന്ന് പേരിട്ടിരിക്കുന്ന പരിപാടി യുട്യൂബിൽ തത്സമയം സംപ്രേക്ഷണം ചെയ്യും, ലോകത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ആളുകൾ ഇതിൽ പങ്കെടുക്കും.