ലാൻഹാം (മേരിലാൻഡ്) : നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംഗ്ടണും (NSGW) ശ്രീ നാരായണ മിഷൻ സെൻ്ററും (SNMC) മേരിലാൻഡിലെ ലാൻഹാമിലുള്ള ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിൽ (SSVT) മണ്ഡലകാലത്തോട് അനുബന്ധിച്ചുള്ള അയ്യപ്പഭജന സംഘടിപ്പിച്ചു. മണ്ഡല മാസത്തിൻ്റെ പാരമ്പര്യമായി മാറിയ ഈ ആത്മീയ സംഗമത്തിൽ ഗ്രേറ്റർ വാഷിംഗ്ടണിൽ നിന്നുള്ള നിരവധി ഭക്തരാണ് ഒത്തു ചേർന്നത്.
സത്യമേനോൻ, നാരായണ കുട്ടി മേനോൻ, ബീന കാളത്ത്, ജയശ്രീ പർമേശൻ, രത്നം നാഥൻ, മധുരം ശിവരാജൻ, മനോരമ മേനോൻ, സജി, ലതാ ധനഞ്ജയൻ, മാലിനി മേനോൻ, മനോജ് ബാലകൃഷ്ണൻ, സതി സന്തോഷ്, എന്നിവരും വിദ്യാർഥികളും അടങ്ങുന്ന പ്രതിഭാധനരായ ഗായകസംഘമാണ് ഭജന നയിച്ചത്. NSGW ഓൺലൈൻ ഭജന ക്ലാസിലെ അംഗങ്ങളും ഇതിൽ ഒത്തു ചേർന്നു.
ക്ഷേത്രത്തിലെ വസന്ത മണ്ഡപത്തിൽ ഗണപതി, ദേവി സ്തുതികളോടെയാണ് ഭക്തിനിർഭരമായ ഭജന ആരംഭിച്ചത്. തുടർന്ന് അയ്യപ്പനെ സ്തുതിച്ച് നിരവധി ജനപ്രിയ ഭജനകളാണ് ആലപിച്ചത്. പ്രകാശ് മേനോൻ്റെ തബല വാദ്യം ഭക്തരെ പിടിച്ചിരുത്തി. കൃഷ്ണകുമാർ ശരണഘോഷം നയിച്ചു.
മണ്ഡല മാസത്തിലെ വ്രതാനുഷ്ഠാനവും അയ്യപ്പ ഭജനയും കേരളത്തിൽ ജാതി മത ഭേദമന്യേ അവതരിപ്പിച്ചു വരാറുണ്ട്. ഭജനയിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങൾക്കും, വേദിയും ആവശ്യമായ ഓഡിയോ സജ്ജീകരണവും നൽകിയ SSVT ക്ഷേത്രം ഭാരവാഹികൾ, പിന്തുണയുമായി എത്തിയ വിശ്വാസി സമൂഹത്തിനും ഡോ. മധു നമ്പ്യാർ നന്ദി അറിയിച്ചു.
NSGW പ്രസിഡന്റ് ഷേർളി നമ്പ്യാരും SNMC പ്രസിഡന്റ് ശ്യാം ലാലും ഈ ആത്മീയ പാരമ്പര്യം വർഷാവർഷം നിലനിറുത്തുന്നതിനായി എത്തിച്ചേരുന്ന ഭക്തരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. ഛായാഗ്രഹണത്തിനും പിന്തുണയ്ക്കും ജയരാജിനും നന്ദി രേഖപ്പെടുത്തി.
ഗ്രേറ്റർ വാഷിംഗ്ടൺ ഏരിയയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ ശ്രീ ശിവ വിഷ്ണു ക്ഷേത്രം നാസ ഗൊദാർഡ് സ്‌പേസ് ഫ്ലൈറ്റ് സെൻ്ററിൽ നിന്ന് ഒരു മൈൽ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ശിവൻ രാമനാഥസ്വാമിയായും (രാമേശ്വരം ക്ഷേത്രത്തിൽ നിന്ന്), വിഷ്ണു അനന്തപത്മനാഭനായും (ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന്) അടക്കം നിരവധി ദേവതകൾ ഈ ക്ഷേത്രത്തിൽ ഉണ്ട്. കൂടാതെ, ദുർഗ്ഗ, ഗണപതി, സരസ്വതി, പാർവതി, ലക്ഷ്മി, കൃഷ്ണൻ, ആണ്ടാൾ, ഹനുമാൻ, സുബ്രഹ്മണ്യൻ, നവഗ്രഹങ്ങൾ എന്നിവയ്ക്ക് പ്രതിഷ്ഠകളുമുണ്ട്. ക്ഷേത്രത്തിൽ വെങ്കിടേശ്വരനും അയ്യപ്പനുമുള്ള ഉപ ആരാധനാലയങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്, പ്രശസ്തമായ ശബരിമല ക്ഷേത്രത്തിൻ്റെ മാതൃകയിലാണ് അയ്യപ്പക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകോവിലിൽ പഞ്ചലോഹ (സ്വർണം, ചെമ്പ്, വെള്ളി, ഇരുമ്പ്, തകരം എന്നിവയുടെ മിശ്രിതം) പൊതിഞ്ഞതാണ്. 18 പവിത്രമായ പടികളും ഇവിടെയുണ്ട്.
മണ്ഡല മാസത്തിൽ ആത്മീയ ഐക്യത്തിൻ്റെ പാരമ്പര്യം തുടരുന്ന, ഭക്തിയിലും ആഘോഷത്തിലും സമൂഹത്തെ ഒന്നിപ്പിച്ച SSVT യിലെ ഭജന പങ്കാളിത്വം കൊണ്ടും വൻ വിജയമായിരുന്നു.