ലണ്ടൻ: ലേലങ്ങളില്‍ പലവിധത്തിലുള്ള വസ്തുക്കളും വിറ്റഴിക്കപ്പെടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ ലേലത്തില്‍ മുട്ട വിറ്റുപോയെന്ന് പറഞ്ഞാലോ?! വിശ്വസിക്കാന്‍ അല്‍പം പ്രയാസം തോന്നുന്നുണ്ടല്ലേ… എന്നാല്‍ കഴിഞ്ഞ ദിവസം യുകെയില്‍ നടന്ന ഒരു ലേലത്തില്‍ 200 പൗണ്ട്, അതായത് 21,000 രൂപയ്ക്കാണ് ഒരു മുട്ട വിറ്റുപോയത്. ഇത്ര മുട്ടയ്ക്ക് ലേലത്തിലൊക്കെ പോകാനും മാത്രം എന്താണ് പ്രത്യേകയെന്നല്ലേ അറിയേണ്ടത്.
സാധാരണ മുട്ടയുടെ ഷെയ്പ്പില്‍ നിന്ന് വ്യത്യസ്തമായി ഉരുണ്ട് വട്ടത്തിലായിരുന്നു ഈ മുട്ടയുടെ ആകൃതി എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ലോകത്താകെയുണ്ടാകുന്ന ഒരു കോടി മുട്ടകളില്‍ ഒന്ന് മാത്രമായിരിക്കും ഇത്തരത്തില്‍ പൂര്‍ണമായും ഉരുണ്ട് വട്ടത്തില്‍ ഉണ്ടാവുക.
സ്‌കോട്ട്‌ലന്‍ഡിലെ യുവതിയാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് വിചിത്രമായ ആകൃതിയിലുള്ള ഈ മുട്ട കാണുന്നത്. കൗതുകം തോന്നിയ യുവതി മുട്ടയും വാങ്ങി വീട്ടിലെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ മുട്ടയ്ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് കണ്ടെത്തിയത്. ഒരു കൈ പരീക്ഷിച്ച് നോക്കാമെന്ന് കരുതി യുവതി ലേലങ്ങള്‍ നടത്തുന്ന സ്ഥാപനത്തെ ബന്ധപ്പെടുകയും വിവരമറിയിക്കുകയും ചെയ്തു. ഇതോടെയാണ് ലാംബോണ്‍ സ്വദേശിയായ എഡ് പൗനല്‍ മുട്ട വാങ്ങാനെത്തുന്നത്. കുടിച്ച ബിയറിന്റെ ആവേശത്തില്‍ ലേലം നടക്കുന്ന വേദിയിലെത്തിയ പൗനല്‍ 1.99 പൗണ്ട് (214രൂപ)യ്ക്ക് വാങ്ങിയ മുട്ട 16000 രൂപയ്ക്കാണ് വാങ്ങിയത്.
മദ്യത്തിന്റെ കെട്ടിറങ്ങി കഴിഞ്ഞതോടെ മുട്ട മറിച്ചുവില്‍ക്കുകയായി പൗനലിന്റെ ലക്ഷ്യം. ഡിസംബറില്‍ പൗനല്‍ മുട്ട ഓക്‌സ്‌ഫോര്‍ഡ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി ലുവെന്റസ് ഫൗണ്ടേഷന് കൈമാറാന്‍ തീരുമാനിച്ചു. മുട്ട കൈമാറാനുണ്ടെന്ന് പറഞ്ഞ് എത്തിയ പൗനലിനെ കണ്ട് അധികൃതര്‍ ആദ്യം ഒന്ന് അമ്പരന്നു, പിന്ന പൊട്ടിച്ചിരിച്ചു. അല്‍പം സമയമെടുത്താണേലും മുട്ടയുടെ ഗുണങ്ങള്‍ പൗനല്‍ അധികൃതരെ പറഞ്ഞ് ബോധ്യപ്പെടുത്തി.
പിന്നീട് ചാരിറ്റി ലുവെന്റസ് ഫൗണ്ടേഷന് ഡിസംബര്‍ 11ന് ഈ മുട്ട 21, 000 രൂപയ്ക്ക് ലേലത്തില്‍ വിറ്റഴിക്കപ്പെടുകയായിരുന്നു. 13നും 25നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളില്‍ അവരെ സഹായിക്കാന്‍ ലേലത്തില്‍ ലഭിച്ച പണം ഉപയോഗിക്കുമെന്നാണ് ചാരിറ്റി കേന്ദ്രത്തിലെ അധികൃതര്‍ പറയുന്നത്.