ഹൈദരാബാദ്: പുഷ്പ 2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ ഹൈദരാബാദ് പോലീസ് തിയേറ്റർ അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസയച്ച്. സംഭവം നടന്ന സന്ധ്യാ തീയേറ്റർ അധികൃതർക്കാണ് നോട്ടീസ് നൽകിയത്. പോലീസ് തീയേറ്ററിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ലൈസന്‍സ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 11-ഓളം വീഴ്ചകള്‍ തീയേറ്ററിന്റെ ഭാഗത്തുനിന്നും വന്നതായാണ് പോലീസ് പറയുന്നത്.
തീയേറ്ററിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ തൃപ്തികരമല്ലെന്നും നടൻ അല്ലു അര്‍ജുന്റെ സന്ദര്‍ശനത്തെ സംബന്ധിച്ച് തിയേറ്റര്‍ അധികൃതര്‍ പോലീസിനെ അറിയിച്ചില്ലെന്നും നോട്ടീസില്‍ സൂചിപ്പിക്കുന്നു. സിനിമയിലെ പ്രധാന അഭിനേതാക്കള്‍ വന്‍ ജനക്കൂട്ടത്തിന് ഇടയാക്കുമെന്ന് അറിഞ്ഞിട്ടും തീയേറ്ററിലേക്ക് പോകാനും വരാനുമൊന്നും യാതൊരു നടപടിക്രമങ്ങളും കൈക്കൊണ്ടില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. അപകടം നടന്ന സന്ധ്യാ തിയേറ്റര്‍ പല തവണ ഇതിന് മുമ്പ് സന്ദര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ യാതൊരു തരത്തിലുളള അപകടങ്ങളും മുമ്പുണ്ടായിട്ടില്ലെന്നുമാണ് നേരത്തേ അല്ലു അര്‍ജുന്‍ പ്രതികരിച്ചത്.