ബ്ലൂംബെർഗിന്റെ 100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് പുറത്തായി മുകേഷ് അംബാനിയും ഗൗതം അദാനിയും. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും പട്ടികയിൽ നിന്ന് പുറത്തായി. അദാനിയും അംബാനിയും ഉൾപ്പെടെ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരെല്ലാം തന്നെ പട്ടികയിൽ നിന്ന് പുറത്തായി.വ്യവസായത്തിലുൾപ്പെടെ സംഭവിച്ച വിവിധ തിരിച്ചടികൾ മൂലം ഈ വർഷം ആസ്തിയിൽ സംഭവിച്ച കുറവാണ് പട്ടികയിൽ നിന്ന് പുറത്താകാൻ കാരണം. ബ്ലൂംബെർഗ് പട്ടിക പ്രകാരം മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആണെങ്കിലും 2024ൽ ആസ്തിയിൽ കുറവ് വന്നതായാണ് റിപ്പോർട്ട്.റിലയൻസിന്റെ റീട്ടെയിൽ, എനർജി വിഭാഗങ്ങളുടെ പ്രകടനം മോശമായപ്പോൾ അംബാനിയുടെ ആസ്തിയിൽ കുറവ് സംഭവിച്ചിരുന്നു. കൂടാതെ, അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹത്തോടെ ജൂലൈയിൽ 120.8 ബില്യൺ ഡോളറായിരുന്ന അംബാനിയുടെ സ്വത്ത് ഡിസംബർ 13 ആയപ്പോൾ 96.7 ബില്യൺ ഡോളറായി കുറഞ്ഞുവെന്ന് ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ വ്യക്തമാക്കുന്നു.
യുഎസ് ഡിപാർട്മെന്റ് ഓഫ് ജസ്റ്റിസ് അന്വേഷണം അദാനി ഗ്രൂപ്പിന്റെ ഓഹരികളെ കാര്യമായി ബാധിച്ചു. നവംബറിൽ നടന്ന അന്വേഷണത്തിന്റെ ഫലമായി അദാനിയുടെ ആസ്തി ജൂണിൽ 122.3 ബില്യൺ ഡോളറിൽ നിന്ന് 82.1 ബില്യൺ ഡോളറായി കുറഞ്ഞതായി ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ വ്യക്തമാക്കുന്നു.ഹിൻഡൻബർഗ് റിസർച്ച് അന്വേഷണവും ആരോപണങ്ങളും അദാനിയുടെ ഓഹരികളെയും ആസ്തിയെയും ബാധിച്ചു. ബ്ലൂംബെർഗ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം, അദാനിയും അംബാനിയും നിലവിൽ എലൈറ്റ് സെന്റി ബില്യണയർ ക്ലബ്ബിൽ അംഗങ്ങളല്ല. 110 ബില്യൺ ഡോളറിൽ അധികം സമ്പത്ത് ഉള്ളവരാണ് എലൈറ്റ് സെന്റി ബില്യണയർ ക്ലബ്ബ്.