വാഷിംഗ്ടണ്‍: മെയ്നിലെ റംഫോര്‍ഡ് പട്ടണത്തില്‍ ചൊവ്വാഴ്ച അസാധാരണമായ ഒരു മഞ്ഞുവീഴ്ചയുണ്ടായി. സാധാരണയേക്കാള്‍ വിപരീതമായി ബ്രൗണ്‍ നിറത്തിലുള്ള മഞ്ഞ് പ്രദേശത്തെ മൂടി. ആളുകളില്‍, പ്രത്യേകിച്ച് കുട്ടികളില്‍ ഈ നിറവ്യത്യാസം കൗതുകവും ഒപ്പം ആശങ്കയും ഉണര്‍ത്തി. ഇതോടെ, മഞ്ഞ് തൊടരുതെന്നും കയ്യിലെടുക്കുകയോ നേരിട്ട് മഞ്ഞുമായി ബന്ധമുണ്ടാകാനോ പാടില്ലെന്ന് കാട്ടി അധികൃതരും രംഗത്തെത്തി. റംഫോര്‍ഡ് ടൗണ്‍ അധികൃതര്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറയുന്നതനുസരിച്ച്, ഒരു പ്രാദേശിക പേപ്പര്‍ മില്ലിലെ തകരാറാണ് മഞ്ഞിലെ നിറവ്യത്യാസത്തിന് കാരണമായത്. മഞ്ഞിന്റെ ചില സാമ്പിളുകള്‍ 10 pH ലെവല്‍ കാണിച്ചതിന് ശേഷം, മഞ്ഞ് തൊടരുതെന്ന് ഉദ്യോഗസ്ഥര്‍ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതില്‍ ആല്‍ക്കലിയുടെ സാന്നിധ്യമുണ്ടെന്നും ചര്‍മ്മ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നുമാണ് മുന്നറിയിപ്പുള്ളത്.
പിന്നീട് മൈന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ നടത്തിയ കൂടുതല്‍ പരിശോധനയില്‍ മഞ്ഞിന്റെ pH ലെവല്‍ എട്ടില്‍ താഴെ ആണെന്ന് കണ്ടെത്തിയെങ്കിലും ജാഗ്രത തുടരാനാണ് നിര്‍ദേശം. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പൊതുജന സുരക്ഷയ്ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
മഞ്ഞില് അടങ്ങിയിരിക്കുന്ന പദാര്‍ത്ഥം വിഷമുള്ളതായി കണക്കാക്കുന്നില്ലെങ്കിലും, ചര്‍മ്മത്തില്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കാനും വളര്‍ത്തുമൃഗങ്ങളും കുട്ടികളും മഞ്ഞുവീഴ്ചയില്‍ കളിക്കുന്നത് തടയാനും താമസക്കാര്‍ക്ക് അധികൃതര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കി. കുട്ടികളെ ശ്രദ്ധിക്കാന്‍ പ്രാദേശിക സ്‌കൂളുകള്‍ക്കും നിര്‍ദേശമുണ്ട്. സംഭവത്തെക്കുറിച്ച് ആശങ്കയുള്ള താമസക്കാര്‍ ടൗണ്‍ മാനേജരുടെ ഓഫീസുമായി ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.