Sunday, December 22, 2024
HomeGulfബയോമെട്രിക് സംവിധാനം പൂർത്തീകരിക്കൽ ഡിസംബർ 31 വരെ : അല്ലാത്തപക്ഷം കുവൈറ്റിൽ ബാങ്കിങ്ങ് സേവനങ്ങൾ തടസ്സപ്പെടും

ബയോമെട്രിക് സംവിധാനം പൂർത്തീകരിക്കൽ ഡിസംബർ 31 വരെ : അല്ലാത്തപക്ഷം കുവൈറ്റിൽ ബാങ്കിങ്ങ് സേവനങ്ങൾ തടസ്സപ്പെടും

കുവൈറ്റ്: .പ്രവാസികളുടെ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് രജിസ്ട്രേഷനുള്ള സമയപരിധി ഡിസംബർ 31 ന് അവസാനിക്കും. സമയപരിധി അവസാനിക്കുന്നതിന് മുമ്പ് പുതിയ ബയോമെട്രിക് വെരിഫിക്കേഷന്‍ ആവശ്യകതകള്‍ പൂർത്തിയാക്കിയില്ലെങ്കിൽ അവർക്കെതിരേ കർശന നടപടികൾ ഉണ്ടാവുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ജനുവരി ഒന്നു മുതൽ തന്നെ നടപടികൾ ആരംഭിക്കും.ആദ്യഘട്ടത്തിൽ ബാങ്കിങ് സേവനങ്ങളെയാണ് ബാധിക്കുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സ്വീകരിക്കാൻ സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്തിന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

ബയോമെട്രിക് വിരലടയാള പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി കുവൈത്ത് സ്വദേശികളല്ലാത്തവര്‍ക്ക് ഡിസംബര്‍ 31 വരെ ആഭ്യന്തര മന്ത്രാലയം നീട്ടി നൽകിയിരുന്നു. ഈ സമയപരിധി പാലിക്കുന്നതിൽ പരാജയപ്പെടുന്നവര്‍ക്ക് ബാങ്കിങ് നിയന്ത്രണങ്ങള്‍ വർദ്ധിക്കും , ഇത് മുന്നറിയിപ്പുകളില്‍ തുടങ്ങി അക്കൗണ്ട് പ്രവര്‍ത്തനങ്ങൾ പൂർണമായി മരവിപ്പിക്കുന്നതിലേക്ക് അവസാനിക്കും.

ആദ്യഘട്ടമെന്ന നിലയിൽ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ പ്രേരിപ്പിക്കുന്ന അലേര്‍ട്ട് സന്ദേശങ്ങൾ ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചു തുടങ്ങിയിരുന്നു . തടസ്സമില്ലാത്ത ബാങ്കിങ് സേവനങ്ങള്‍ നിലനിര്‍ത്തുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിന്‍റെ പ്രാധാന്യം ഈ മുന്നറിയിപ്പുകളിൽ ഉണ്ട് .

രണ്ടാം ഘട്ടം ഡിസംബര്‍ 15 മുതല്‍ ആരംഭിച്ചു . നിബന്ധനകള്‍ പാലിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് ബാങ്കിങ് സേവനങ്ങളിലേക്കുള്ള പ്രവേശനം നഷ്ടമാകും. അക്കൗണ്ട് ബാലന്‍സുകൾ അറിയാനും സ്റ്റേറ്റ്മെന്‍റുകൾ എടുക്കാനും ഓണ്‍ലൈനായി ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുമുള്ള സൗകര്യം ഇതോടെ റദ്ദാക്കപ്പെടും.

മൂന്നാം ഘട്ടമെന്ന നിലയിൽ ഡിസംബര്‍ 31-നകം നിയമം പാലിക്കാത്ത ഉപഭോക്താക്കളുടെ വീസയും മാസ്റ്റര്‍കാര്‍ഡും ഉള്‍പ്പെടെ എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും നിര്‍ജ്ജീവമാക്കും. ഈ വ്യക്തികള്‍ക്ക് ബയോമെട്രിക് രജിസ്‌ട്രേഷന്‍ ആവശ്യകത നിറവേറ്റുന്നത് വരെ ബാങ്ക് നേരിട്ട് സന്ദര്‍ശിച്ച് മാത്രമേ അവരുടെ ഫണ്ടുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയൂ.

നാലാം ഘട്ടമെന്ന നിലയിൽ ഡിസംബർ 31നകം ബയോമെട്രിക് രജിസ്ട്രേഷൻ നടത്താത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ ജനുവരി 1 മുതല്‍ പൂർണമായും നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരും. നിക്ഷേപങ്ങള്‍ തുടര്‍ന്നും സ്വീകരിക്കുമെങ്കിലും പിന്‍വലിക്കലുകള്‍, വായ്പകള്‍, ഫണ്ട് കൈമാറ്റങ്ങള്‍ എന്നിവയ്ക്ക് നിരോധനം വരും. ഒരു സിവില്‍ ഐഡി കാലഹരണപ്പെടുമ്പോള്‍ ഉണ്ടാവുന്ന നിയന്ത്രണങ്ങൾക്ക് സമാനമായിരിക്കും ഇത്.

അതേസമയം, നിയന്ത്രണങ്ങള്‍ ബാങ്കിങ് അക്കൗണ്ടുകളില്‍ മാത്രം ഒതുങ്ങില്ലെന്ന് അധികൃതർ അറിയിച്ചു. അനുസരിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഓഹരികള്‍, ഫണ്ടുകള്‍, പോര്‍ട്ട്ഫോളിയോകള്‍ തുടങ്ങിയ ആസ്തികള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക വിപണികളിലും പരിമിതികള്‍ നേരിടേണ്ടിവരും.ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതുവരെ വാണിജ്യ ഇടപാടുകളില്‍ നിന്നുള്ള വരുമാനം അവരുടെ മരവിപ്പിച്ച അക്കൗണ്ടുകളിലേക്കായിരിക്കും പോവുക. അതേസമയം, അക്കൗണ്ടിൽ നിന്നുള്ള ഡിഡക്ഷനുകൾ സമയാസമയം നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments