പോൾ ഡി. പനയ്ക്കൽ
ന്യൂയോർക്ക്: ഇന്ത്യൻ വംശജരായ നഴ്സുമാരുടെ കൂട്ടായ്മ എന്ന നിലയിൽ ശ്രദ്ധേയവും ആരോഗ്യ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് അമേരിക്കയുടെ (ഐനാനി) നവനേതൃ സമിതി സ്ഥാനമേൽക്കുന്നു. രണ്ടു വർഷം വീതമുള്ള രണ്ടു നേതൃകാലസമയത്ത് അസോസിയേഷനെ മുന്നേറ്റത്തിലേക്കു നയിച്ച ഡോ. അന്നാ ജോർജ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് ഡിസംബർ ഇരുപത്തിയെട്ടാം തീയതി അധികാരം കൈമാറും. ഐനാനിയുടെ ക്രിസ്തുമസ് ആഘോഷങ്ങളും ഇതോടൊപ്പം നടക്കും.
ഡോ. ഷൈലാ റോഷിൻ (പ്രസിഡന്റ്), ഡോ. എസ്തേർ ദേവദോസ് (വൈസ് പ്രസിഡന്റ്), ഡോ. ഷബ്നം പ്രീത് കൗർ (സെക്രട്ടറി), ആന്റോ പോൾ (ട്രെഷറർ), ഗ്രേസ് അലക്‌സാണ്ടർ (ജോയിന്റ് സെക്രട്ടറി), ജയാ തോമസ് (ജോയിന്റ് ട്രെഷറർ) എന്നിവരാണ് പുതിയ പ്രവർത്തകസമിതിയുടെ എക്സിക്യൂട്ടീവ് ബോർഡിലുള്ളത്. ബൈലോ അനുസരിച്ച് ഡോ. അന്നാ ജോർജ് അഡ്വൈസറി ബോർഡ് ചെയർ സ്ഥാനം ഏറ്റെടുക്കും.
പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഷൈല റോഷിൻ ഇപ്പോൾ ഐനാനിയുടെ വൈസ് പ്രസിഡന്റ് ആണ്. ന്യൂ യോർക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് മെന്റൽ ഹെൽത്തിന്റെ കീഴിലെ സൗത്ത് ബീച്ച് സൈകൈയാട്രിക് സെന്ററിലെ ചീഫ് നഴ്സിംഗ് ഓഫീസർ (സി എൻ ഓ) എന്ന നിലയിൽ ഹോസ്പിറ്റലിലെ നഴ്സിംഗ് ഡിപ്പാർട്മെന്റിന്റെ ചുമതലയും ഹോസ്പിറ്റലിന്റെ പ്രവർത്തന നയതന്ത്ര ആസൂത്രണത്തിൽ സജീവമായ പങ്കാളിത്തവും വഹിക്കുന്ന അഡ്മിനിസ്ട്രേറ്റർ ആണ്. നാനൂറ്റി അൻപതോളം രെജിസ്റ്റേർഡ് നഴ്സുമാരും അനുബന്ധ സ്റ്റാഫും ഡോ. ഷൈലയുടെ നേതൃത്വത്തിൽ ജോലി ചെയ്യുന്നുണ്ട്. അതോടൊപ്പം ന്യൂ യോർക്ക് സംസ്ഥാനത്തെ ഓഫീസ് ഓഫ് മെന്റൽ ഹെൽത്തിന്റെ കീഴിലെ എല്ലാ ഹോസ്പിറ്റലുകളുടെയും പോളിസി നയനിർമ്മാണ സമിതിയിലും പങ്കാളിയാണ്.
നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ അമേരിക്ക (നൈന) യുടെ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റർ, നാഷണൽ ഇന്ത്യൻ നഴ്സ് പ്രാക്ടീഷണർസ് അസോസിയേഷൻ അംഗം, ഐനാനിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ഊർജ്ജിത നേതൃത്വം തെളിയിച്ചിട്ടുള്ള ഡോ. റോഷിൻ ബി എസ് എൻ, എം എസ് എൻ (ക്ലിനിക്കൽ നേഴ്സ് സ്പെഷ്യലിസ്റ്റ്), നേഴ്സ് പ്രാക്ടീഷണർ (പോസ്റ്റ് മാസ്റ്റേഴ്സ് സെർട്ടിഫിക്കറ്റ്), ഡോക്റ്ററേറ്റ് ഇൻ നഴ്സിംഗ് പ്രാക്ടീസ് ഇൻ അഡ്വാൻസ്ഡ് പ്രാക്ടീസ് ലീഡര്ഷിപ് അക്കാഡമിക് ബിരുദങ്ങളുടെ ഉടമയും ദേശീയവും അന്തർദേശീയവുമായ കോണ്ഫറൻസുകളിൽ വൈജ്ഞാനിക പ്രെസെന്റേഷനുകൾ നടത്തിയിട്ടുള്ളയാളുമാണ്.
മധുര സിഎസ്ഐ ജയരാജ് അന്നപാക്യം കോളേജ് ഓഫ് നഴ്സിങ്ങിൽ നിന്ന് ബി എസ് സിയും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് എം എസ് എനും ഫീനിക്സ് ആസ്പൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നഴ്സിംഗ് പ്രാക്ടിസിൽ ഡോക്റ്ററേറ്റും കരസ്ഥമാക്കിയ പുതിയ വൈസ് പ്രസിഡന്റ് എസ്തെർ ദേവദോസ് ഇരുപത്തിയാറു വർഷക്കാലം നഴ്സിംഗ് രംഗത്ത് ബെഡ് സൈഡ് നഴ്സിംഗ് മുതൽ നേഴ്സ് മാനേജർ, നേഴ്സ് എജുക്കേറ്റർ റോളുകൾ ഫലപ്രദമായ സേവനം നടത്തിയിട്ടുള്ളയാളാണ്. ഇപ്പോൾ ന്യൂ യോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസ് കോർപറേഷന്റെ ജെക്കോബി മെഡിക്കൽ സെന്ററിൽ എജുക്കേറ്റർ ആണ്. ബാംഗ്ളൂർ സി എസ ഐ സ്‌കൂൾ ഓഫ് നഴ്സിങ്ങിന്റെ വൈസ് പ്രിൻസിപ്പാൾ ആയിരുന്നു അമേരിക്കയിലേക്ക് കുടിയേറുന്നതിനു മുൻപ്. തന്റെ ഗവേഷണ പ്രൊജക്റ്റ് എൻ വൈ യു ലങ്കോൺ നഴ്സിംഗ് റിസേർച് കോൺഫെറെൻസിലും ന്യൂയോർക്ക് ഓർഗനൈസേഷൻ ഫോർ നേഴ്സ് എക്സിക്യൂട്ടീവ് ആൻഡ് ലീഡേഴ്‌സ് കോൺഫെറെൻസിലും അവതരിപ്പിച്ചിട്ടുണ്ട്. ന്യൂ യോർക്ക് ഓർഗനൈസേഷൻ ഓഫ് നഴ്സ് ലീഡേഴ്‌സ്, നൈന, ഐനാനി, സിഗ്മ തേറ്റാ ആൽഫാ ചാപ്റ്റർ, ഡെൽറ്റ എപ്സിലോൺ ടാഉ ഓണർ സൊസൈറ്റി ഓഫ് നഴ്സിംഗ്, നാഷണൽ സൊസൈറ്റി ഓഫ് ലീഡര്ഷിപ് ആൻഡ് സക്സസ് തുടങ്ങിയ നഴ്സിംഗ് സംഘടനകളിലെ സജീവ അംഗത്വം വഴി ആരോഗ്യ പരിപാലന രംഗത്ത് നഴ്സിങ്ങിന്റെ ഭാവിസംബന്ധിയായ പങ്കാളിത്തത്തിന്റെ മുൻനിരയിൽ പ്രത്യക്ഷമാണ് ഡോ. ദേവദോസ്.
ഐനാനിയുടെ ഓർഡിനറി അംഗത്വത്തിൽ നിന്ന് അതിവേഗം അതിന്റെ നേതൃത്വത്തിലെത്തിയ സെക്രെട്ടറി ഡോ ഷബ്നംപ്രീത് കൗർ കഴിഞ്ഞ സമിതിയിലെ മെമ്പർഷിപ് കമ്മിറ്റി ചെയർ പേഴ്സൺ ആയിരുന്നു. ന്യൂ യോർക്ക് പ്രദേശത്തെ സിഖ് കമ്മ്യൂണിറ്റി പ്രവർത്തകയായ ഡോ. കൗർ ന്യൂ യോർക്ക് പ്രദേശത്തെ അൾട്ടിമേറ്റ് കെയർ എന്ന ആരോഗ്യശുസ്രൂഷാ സ്ഥാപനത്തിൽ കെയർ മാനേജർ ആയി സേവനം ചെയ്യുന്നു. ചന്ദീഗറിൽ നിന്ന് നഴ്സിങ്ങിൽ ബാച്‌ലർ ഡിഗ്രിയുമായി അമേരിക്കയിലെത്തി വിദ്യാഭ്യാസം തുടർന്ന അവർ ഗ്രാൻഡ് കാന്യോൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ് എൻ ഡിഗ്രിയും ഡോക്റ്ററേറ്റ് ഇൻ നഴ്സിംഗ് പ്രാക്ടീസ് ഡിഗ്രിയും നേടി. ഐനാനിയുടെയും സിഖ് കമ്മ്യൂണിറ്റിയുടെയും കുടക്കീഴിൽ പാവപ്പെട്ടവർക്കു വേണ്ടി ഫുഡ് ഡ്രൈവ്, ബാക് റ്റു സ്‌കൂൾ ഡ്രൈവ് തുടങ്ങിയ സേവനങ്ങൾക്ക് മുൻകൈ എടുത്ത് നേതൃത്വത്തോടെ വിജയകരമാക്കിയിട്ടുണ്ട്.
സെക്കൻഡറാബാദ് മിലിട്ടറി ഹോസ്പിറ്റലിൽ നഴ്സിംഗ് പരിശീലനം നേടി ഇന്ത്യൻ മിലിട്ടറിക്ക് സേവനം ചെയ്ത ഗ്രേസ് അലക്‌സാണ്ടർ ഐനാനിയുടെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കും. പതിനഞ്ചു വർഷം സൗദി അറേബ്യയിൽ നഴ്‌സായി സേവനം ചെയ്ത് ശ്രമത്തിലൂടെ പ്രൊഫെഷണൽ നഴ്സ് ആയി അമേരിക്കയിൽ എത്തിയ ഗ്രേസ് അമേരിക്കയിൽ തുടർ വിദ്യാഭ്യാസം നടത്തി ബി എസ് എൻ, എം എസ് എൻ (എഡ്യൂക്കേഷൻ) ബിരുദങ്ങളും ഓപ്പറേറ്റിംഗ് റൂം സർട്ടിഫിക്കേഷനും കരസ്ഥമാക്കി. ക്യൂൻസിൽ ജമൈക്ക ഹോസ്പിറ്റലിൽ ഓപ്പറേറ്റിംഗ് റൂമിൽ അസിസ്റ്റന്റ് ഹെഡ് നേഴ്സ് ആയി ജോലി ചെയ്യുന്നു. “കുറച്ച് സംസാരിക്കുക, ആത്മാർത്ഥമായി പ്രവർത്തിക്കുക, താഴ്ന്ന പ്രൊഫൈൽ സൂക്ഷിക്കുക” എന്ന തത്വം അന്തർലീനമാക്കിയ ഒരു പ്രവർത്തകയാണ് ഗ്രേസ്.
ഔട്ട്ഗോയിംഗ് കമ്മിറ്റിയിൽ എജുക്കേഷൻ ആൻഡ് പ്രൊഫെഷണൽ ഡെവലപ്മെന്റ് ചെയർ ആയി സേവനം ചെയ്ത ആന്റോ പോൾ പുതിയ ട്രഷറർ ആണ്. കാത്തലിക് ഹെൽത്ത് സർവീസസ് ഐലന്റിൽ പോപ്പുലേഷൻ ഹെൽത് നഴ്സ് ആയി ജോലി ചെയ്യുന്നു. കോഴിക്കോട് ഗവണ്മെന്റ് കോളേജിൽ നിന്ന് നഴ്സിങ്ങിൽ ബി എസ സിയും ന്യൂയോർക്ക് ഹണ്ടർ കോളേജിൽ നിന്ന് പോപ്പുലേഷൻ ഹെൽത് ആൻഡ് കമ്മ്യൂണിറ്റി ഹെൽത് നഴ്സിങ്ങിൽ മാസ്റ്റേഴ്സ് ബിരുദവും അഡ്വാൻസ്ഡ് പബ്ലിക് ഹെൽത് നഴ്സിങ്ങിൽ സർട്ടിഫിക്കറ്റും നേടിയ ആന്റോ ഒരു സെർട്ടിഫൈഡ് ഡയബെറ്റിസ് എജുക്കേറ്റർ കൂടിയാണ്. ആരോഗ്യ രംഗത്തെ വെല്ലുവിളികളെയും ആരോഗ്യരംഗത്ത് നഴ്സിങ്ങിന്റെ സാധ്യതകളെയും കുറിച്ച് ഉയർന്ന അവബോധവും സൂക്ഷിക്കുന്ന ആന്റോ നഴ്സിംഗ് സംഘടനകൾ കൂടുതൽ ചുമതല വഹിക്കണമെന്ന ആശയക്കാരനാണ്.
ജോയിന്റ് ട്രഷറർ ചുമതല ഏറ്റെടുക്കുന്നത് ന്യൂ യോർക്ക് സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള പിൽഗ്രിം സൈക്കയാട്രിക് സെന്ററിൽ നേഴ്സ് പ്രാക്ടീഷണറും അഡെൽഫായ് യൂണിവേഴ്സിറ്റി ആഡ്ജംക്ട് ഫാക്കൽട്ടിയുമായ ജയാ തോമസ് ആണ്. മോലോയ് യൂണിവേഴ്സിറ്റിയിൽ നിന്ന് നഴ്സിങ്ങിൽ ബാച്‌ലർ, മാസ്റ്റേഴ്സ്, സൈക്ക്-മെന്റൽ ഹെൽത് നഴ്സ് പ്രാക്ടീഷണർ ബിരുദങ്ങൾ നേടിയ ജയാ നേഴ്സ്, നേഴ്സ് അഡ്മിനിസ്ട്രേറ്റർ, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് എന്നീ നിലകളിൽ ക്യൂൻസിലെ ക്രീഡമോർ സൈക്കയാട്രിക് സെന്ററിൽ സേവനമനുഷ്ഠിച്ചു. പല വര്ഷങ്ങളായി ഐനാനിയിലൂടെ ഏരിയ കോ-ഓർഡിനേറ്റർ, എജുക്കേഷൻ കമ്മിറ്റി അംഗം, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു.
ഐനാനി മുഖ്യധാരാ സമൂഹത്തിനു നൽകിയ സേവനങ്ങൾ അവ ലഭിച്ച കമ്മ്യൂണിറ്റികളിൽ മാത്രമല്ല പ്രാദേശികവും സംസ്ഥാനത്താളത്തിലുമുള്ള ജനപ്രതിനിധികളും ഗവർണർ കാത്തി ഹോക്കുൾ അല്ലെങ്കിൽ അവരുടെ പ്രതിനിധിയും ഐനാനിയുടെ ക്രിസ്മസ് ആഘോഷത്തിലും പുതിയ പ്രവർത്തക സമിതിയിലും പങ്കെടുക്കാനുള്ള അതീവ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
ഡിസംബർ 28 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ രണ്ടു മണി വരെ നടക്കുന്ന ഐനാനി ക്രിസ്തുമസ് ആഘോഷത്തിലേക്കും നേതൃകൈമാറ്റത്തിലേക്കും എല്ലാ നഴ്സുമാരെയും അനുഭാവികളെയും ഹാർദ്ദവം ക്ഷണിക്കുന്നുവെന്ന് പ്രസിഡന്റ് ഡോ. അന്നാ ജോർജ് അറിയിച്ചു.