യുഎഇ : ക്രൂഡ് ഓയില്‍ കയറ്റുമതി കുറയ്ക്കാനുള്ള തീരുമാനവുമായി യുഎഇ. അടുത്തവർഷം ആദ്യം മുതലായിരിക്കും വിതരണത്തിലെ വെട്ടിക്കുറയ്ക്കല്‍ നടപ്പിലാക്കുക. എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മായ ഒപെക്കില്‍ നിന്നുള്ള ശക്തമായ സമ്മർദ്ദിന്റെ ഫലമായാണ് യു എ ഇ ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നിരിക്കുന്നുതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
അടുത്തിടെയായി ക്രൂഡ് ഓയിലിന് വലിയ തോതില്‍ വിലയിടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വില പിടിച്ച് നിർത്താനായി വിതരണം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. വിപണിയിലേക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ എത്താതിരുന്നാല്‍ സ്വാഭാവികമായും വില വർധിക്കും. ഈ ലക്ഷം കൈവരിക്കുന്നതിന് വേണ്ടിയാണ് ഒപെക് അംഗരാഷ്ട്രങ്ങള്‍ക്കുമേല്‍ നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് കയറ്റുമതിക്കാരായ സൗദി അറേബ്യ നേരത്തെ തന്നെ വലിയ തോതില്‍ വിതരണവും ഉത്പാദനവും വെട്ടിക്കുറച്ചിട്ടുണ്ട്. യു എ ഇയുടെ പുതിയ തീരുമാനത്തിലും ഒപെക് വഴി സൗദി അറേബ്യ സമ്മർദം ചെലുത്തിയതായി സൂചനയുണ്ട്. അഡ്‌നോക് അറിയപ്പെടുന്ന അബുദാബി നാഷണൽ ഓയിൽ കമ്പനി ഏഷ്യയിലെ ചില ഉപഭോക്താക്കൾക്കുള്ള ക്രൂഡ് ഓയിൽ ചരക്കുകളുടെ വിഹിതം വെട്ടിക്കുറച്ചുവെന്നാണ് റിപ്പോർട്ട്.
അതേസമയം തങ്ങളുടെ ക്രൂഡ് ഓയില്‍ ഉത്പാദനം വർധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ യുഎഇ ആരംഭിച്ചിരുന്നു. പ്രതിദിനം 4.85 ദശലക്ഷം ബാരൽ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്നാണ് അഡ്‌നോക് പറയുന്നത്. ഒപെക് പരിധിയേക്കാൾ ഏകദേശം 2 ദശലക്ഷം ബാരലുകൾ അധികമാണ് ഇത്. പരമാവധി ഉത്പാദനം നടത്താനുള്ള യു എ ഇയുടെ നീക്കം സൗദി അറേബ്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങളിലേക്ക് നയിക്കുകയും ചെയ്തിരുന്നു.
2027 ഓടെ ക്രൂഡ് ഓയിൽ ഉൽപ്പാദന ശേഷി 5 ദശലക്ഷം ബാരലുകളായി വർധിപ്പിക്കുകയെന്നതാണ് യു എ ഇ ലക്ഷ്യം. ഇതിനായി അഡ്നോക് 2023 മുതൽ 2027 വരെയുള്ള ആസൂത്രിത ചിലവ് 150 ബില്യൺ ഡോളറായി ഉയർത്തുകയും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നിരവധി വിപുലീകരണ പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്.