വാഷിംഗ്ടണ്‍: യുഎസില്‍ പലചരക്ക് വില കുറയ്ക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. സമ്പദ്വ്യവസ്ഥയില്‍ അതൃപ്തിയുള്ള വോട്ടര്‍മാരെ തന്നിലേക്ക് അടുപ്പിക്കാന്‍ പ്രചാരണ വേളയില്‍ ട്രംപ് ആവര്‍ത്തിച്ച് നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു പലചരക്കു സാധനങ്ങളുടെയുള്‍പ്പെടെ വിലകുറയ്ക്കുമെന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ട്രംപ് നിലപാട് മാറ്റിയിരിക്കുകയാണ്.
2024 ലെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്ത ശേഷം ടൈം മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നിരുന്നാലും കുറഞ്ഞ ഊര്‍ജ്ജ ചെലവുകളിലൂടെയും വിതരണ ശൃംഖല മെച്ചപ്പെടുത്തലിലൂടെയും വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകുമെന്ന പ്രതീക്ഷയാണ് ട്രംപ് പങ്കുവെച്ചത്.പലചരക്ക് സാധനങ്ങളുടെ വില കുറയുന്നില്ലെങ്കില്‍ തന്റെ പ്രസിഡന്റ് സ്ഥാനം ‘പരാജയമാകുമോ’ എന്ന ചോദ്യത്തിന്, അത് ഉണ്ടാകില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം ഭക്ഷ്യവില ഉയര്‍ന്നതിലേക്ക് നയിച്ച പണപ്പെരുപ്പം കൈകാര്യം ചെയ്ത രീതിക്ക് ബൈഡന്‍ ഭരണകൂടത്തെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. ബൈഡന് ഭരണകൂടം വിലക്കയറ്റത്തിലേക്ക് നയിച്ചെന്നും അത് കുറയ്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഒരിക്കല്‍ വില ഉയര്‍ന്നുകഴിഞ്ഞാല്‍ താഴേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.