കോട്ടയം : മധ്യ തിരുവിതാംകൂറിനു ഷോപ്പിങ്ങിന്റെ നവ്യാനുഭവം പകർന്ന് കോട്ടയം ലുലു മാൾ തുറന്നു. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാൾ കോട്ടയം മണിപ്പുഴയിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എംപിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, ഹാരിസ് ബീരാൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു എന്നിവർ മുഖ്യാതിഥികളായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വാർഡ് കൗൺസിലർ ഷീന ബിനു, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഇഒയുമായ എം.എ. നിഷാദ് എന്നിവരും ചടങ്ങിനെത്തി. വൈകിട്ട് 4 മുതൽ പൊതുജനങ്ങൾക്കു മാളിലേക്ക് പ്രവേശനമുണ്ട്.
കേരളം ഒരു മുതിർന്ന പൗരന്മാരുടെ സ്വർഗമായി മാറരുതെന്ന് എം.എ. യുസഫലി. ‘‘ഇവിടെ ചെറുപ്പക്കാർ വിദേശത്തേക്കു പോകുകയാണ്. കേരളത്തിൽ പുതിയ പദ്ധതികൾ വരണം. പഴയനിയമങ്ങൾ മാറി പുതിയ നിയമങ്ങൾ വരണം, വാണിജ്യ പദ്ധതികൾ വരണം. മൂന്ന് കാര്യങ്ങളാണ് ഞാൻ എന്റെ സഹപ്രവർത്തകരോടു പറയാറുള്ളത് – കമ്പനിക്ക് വേണ്ടിയോ എനിക്ക് വേണ്ടിയോ നിയമവിരുദ്ധമായി പണം സമ്പാദിക്കരുത്. സർക്കാരിനെയോ കസ്റ്റമറിനെയോ കമ്പനിയെയോ പറ്റിച്ചു പണമുണ്ടാക്കരുത്. ഗുണനിലവാരം ഉള്ള സാധനങ്ങൾ മാത്രമേ കൊടുക്കാൻ പാടുള്ളു. 23,000ല്‍ ഏറെപ്പേർ ഇന്ത്യയിൽ ലുലു ഗ്രൂപ്പിനായി ജോലി ചെയ്യുന്നുണ്ട്. ഫുഡ് പ്രോസസിങ് യൂണിറ്റുകളിലൂടെ ഗുണനിലവാരമുള്ള ഭക്ഷണം കൊടുക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. കോട്ടയത്ത് അതായിരിക്കും ഞങ്ങളുടെ മുഖമുദ്ര. എല്ലാവരും വന്ന് അനുഗ്രഹിച്ചതിൽ നന്ദി. 2000 പേർ കോട്ടയം മാളിൽ നേരിട്ടും പരോക്ഷമായും ജോലി ചെയ്യുന്നു.