സെല്‍ഫി എടുക്കലും റീല്‍സ് പകര്‍ത്തലുമൊക്കെ ചിലപ്പോഴെങ്കിലും അപകടങ്ങൾക്ക് വഴിവെക്കാറുണ്ട്. ഇതിനേക്കുറിച്ച് നിരന്തരം വാർത്തകൾ കാണാറുമുണ്ട്. സാഹസികമായ ഇത്തരം ഉദ്യമങ്ങൾ ചിലപ്പോൾ ജീവനുതന്നെ ഭീഷണിയായേക്കാം. അത്തരത്തിലൊരു വാര്‍ത്തയാണ് ശ്രീലങ്കയില്‍നിന്ന് വരുന്നത്.
ചൈനയില്‍ നിന്നെത്തിയ വിനോദസഞ്ചാരിയാണ് റീല്‍സ് എടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. ശ്രീലങ്കയിലെ കോസ്റ്റല്‍ റെയില്‍വേ ലൈനില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ട്രെയിനിന്‍റെ വാതിൽക്കൽ തൂങ്ങിക്കിടന്ന് റീല്‍സ് പകര്‍ത്തുന്നതിനിടെ മരക്കൊമ്പില്‍ തല തട്ടി ട്രെയിനില്‍നിന്ന് യുവതിയായ വിനോദസഞ്ചാരി പുറത്തേക്ക് തെറിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
യുവതി വീഡിയോ പകര്‍ത്താനായി ട്രെയിനിന്‍റെ വാതിൽക്കൽ കമ്പിയിൽ തൂങ്ങിക്കിടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഏതാനും സമയത്തിനുള്ളില്‍ മരക്കൊമ്പില്‍ തല തട്ടി പുറത്തേക്ക് തെറിക്കുന്നതും വീഡിയോയില്‍ കാണാം. ട്രെയിന്‍ അടുത്ത സ്റ്റോപ്പിലെത്തിയ ശേഷം യുവതിയെ രക്ഷപ്പെടുത്തുന്നതിനായി ഏതാനും ചില യാത്രക്കാര്‍ തിരികെ സംഭവസ്ഥലത്തേക്കെത്തി. ചെടികൾക്കിയിടയിലേയ്ക്ക് വീണതിനാല്‍ യാതൊരു പരിക്കും യുവതിക്ക് സംഭവിച്ചില്ല.
യുവതിക്ക് പരിക്കുകളില്ലെന്നത് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ട്രെയിന്‍ യാത്രക്കാര്‍ എപ്പോഴും യാത്രയ്ക്കിടെ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും സംഭവത്തിന് പിന്നാലെ പോലീസ് അറിയിച്ചു. അപകടകരമായ രീതിയില്‍ വീഡിയോ പകര്‍ത്തിയതിന് യുവതിയെ വിമർശിച്ച് നിരവധി പേർ വീഡിയോയ്ക്ക് കമന്‍റുകൾ ഇട്ടിട്ടുണ്ട്.