Sunday, December 22, 2024
HomeNewsസിറിയക്കെതിരെ ആക്രമണങ്ങൾ ഇസ്രായേൽ നിർത്തണം: യുഎൻ

സിറിയക്കെതിരെ ആക്രമണങ്ങൾ ഇസ്രായേൽ നിർത്തണം: യുഎൻ

ന്യൂയോർക്ക് : സിറിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള എല്ലാ ആക്രമണങ്ങളും ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് യുഎൻ. സിറിയയിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് രണ്ടാഴ്ചക്കുള്ളിൽ 1.1 മില്യൺ ആളുകൾക്ക് സിറിയയിൽ നിന്ന് പലായനം ചെയ്യേണ്ട സാഹചര്യമുണ്ടയി എന്നും യുഎൻ വ്യക്തമാക്കി.

സിറിയയിൽ നിന്ന് സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതൽ പലായനം ചെയ്തത് എന്ന് യുഎൻ വ്യക്തമാക്കി. യുഎൻ കണക്കുകൾ പ്രകാരം അലപ്പോയിൽ നിന്ന 6,40,000 പേർക്കും ഇഡിലിബിൽ നിന്നും 3,34,000 പേർക്കും ഹാമയിൽ നിന്നും 1,36,000 പേർക്കും പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്.

ബസറുല്‍ അസദിന്റെ 24 വര്‍ഷത്തെ ഭരണം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രായേല്‍ സിറിയയ്ക്കെതിരെ ആക്രമണം ആരംഭിച്ചത്. അതേസമയം ഇസ്രായേലിന്റെ സിറിയ ആക്രമണത്തെ പിന്തുണച്ച് യുഎസ് രംഗത്തെത്തി. ഭീഷണികൾ ഇല്ലാതാക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് യുഎസ് സുരക്ഷാഉപദേഷ്ടാവ് ജാക്ക് സള്ളിവൻ പറഞ്ഞു. സിറിയൻ പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു എന്ന റിപ്പോർട്ടുകൾ ഇസ്രായേൽ തള്ളിയിരുന്നു.

സിറിയൻ പ്രദേശങ്ങളിലെ ഇസ്രായേൽ കടന്നുകയറ്റം തടയാൻ യുഎൻ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് യുഎൻ രംഗത്തെത്തിയിരിക്കുന്നത്. ഗോലാൻ കുന്നുകളോട്​ ചേർന്നുള്ള ബഫർ സോണിൽ ഇസ്രായേൽ സേന നടത്തിയ കടന്നുകയറ്റം ചെറുക്കാൻ ശക്തമായ നടപടി വേണമെന്നാണ്​ യുഎന്നിനു മുമ്പാകെ വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നത്. സിറിയയുടെ അതിർത്തി ഭദ്രതയും പരമാധികാരവും സംരക്ഷിക്കുകയാണ്​ പ്രധാനമെന്ന്​ അറബ്​ രാജ്യങ്ങളും ഇറാനും പറഞ്ഞിരുന്നു.

48 മണിക്കൂറിനിടെ 400-ലേറെ ആക്രമണങ്ങളാണ് ഇസ്രയേല്‍ സിറിയന്‍ മണ്ണില്‍ നടത്തിയത്. സിറിയയുടെ 70 മുതല്‍ 80 ശതമാനം വരെ സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. ഭീകരരുടെ കൈവശമെത്താതിരിക്കാനാണ് ഇവ തകര്‍ത്തതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞിരുന്നു. ബശാറുല്‍ അസദിന്റെ ഭരണം വീണ ദിവസം പശ്ചിമേഷ്യയ്ക്ക് ചരിത്രദിനമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍ നേതൃത്വം നല്‍കുന്ന ‘ചെകുത്താന്റ അച്ചുതണ്ടി’ന്റെ പ്രധാന കണ്ണിയുടെ പതനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.നിലവിൽ സിറിയൻ പ്രദേശത്ത് 18 കിലോമീറ്റർ ഉള്ളിലേക്ക് വരാൻ ഇസ്രായേൽ സൈന്യം തയ്യാറായി എന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. സിറിയയിൽ അധികാര കൈമാറ്റം പൂർത്തിയാകുന്നതു വരെ ഭരണഘടനയും പാർലമെന്റും സസ്പെൻഡ് ചെയ്തതായി ഇടക്കാല സർക്കാർ അറിയിച്ചിരുന്നു.

ഭരണഘടനയിൽ പുതിയ ഭേദഗതികൾ കൊണ്ടുവരാൻ നീതിന്യായ, മനുഷ്യാവകാശ സമിതികൾ രൂപീകരിക്കുമെന്ന് സർക്കാർ വക്താവ് ഉബൈദ് അർനൗത് പറഞ്ഞു. മൂന്നു മാസംകൊണ്ട് അധികാരക്കൈമാറ്റം പൂർത്തിയാക്കി രാജ്യത്തിന്റെ മതപരവും സാംസ്കാരികവുമായ സ്വാതന്ത്ര്യവും വൈവിധ്യവും നിലനിർത്തുമെന്ന് അദ്ദേഹം വ്യക്തമക്കി. അധികാരം കൈമാറുന്നതിനായി സമാന്തര സർക്കാറിന്റെ മന്ത്രിമാരുടെയും അസദ് ഭരണകൂടത്തിലെ മന്ത്രിമാരുടെയും യോഗം നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments