വാഷിംഗ്‌ടൺ ഡി.സി : ശ്രീനാരായണ മിഷൻ സെൻ്റർ (SNMC) 170-മത് ശ്രീനാരായണ ഗുരുജയന്തി ഓണാഘോഷ പരിപാടികൾ വർണാഭമായി. മെരിലാന്റിലെ ബ്രിഗ്ഗ്സ് ഷെയനി മിഡിൽ സ്കൂളിൽ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യൻ എംബസ്സി, വാഷിംഗ്‌ടൺ ഡി. സി യിലെ മുതിർന്ന ഉദ്യോഗസ്ഥൻ രാജീവ് അഹൂജ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ അമേരിക്കൻ ഐക്യ നാടുകളിൽ പ്രചരിപ്പിക്കുന്നതിൽ ശ്രീനാരായണ മിഷൻ സെന്റർ പോലുള്ള സംഘടനകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് രാജീവ് അഹൂജ പറഞ്ഞു. ഗുരുവിൻ്റെ സന്ദേശം കാലത്തേയും ലോകത്തേയും അതിജീവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
SNMC പ്രസിഡണ്ട് ഷാം. ജി. ലാൽ, വൈസ് പ്രസിഡണ്ട് ഡോ.മുരളീരാജൻ എന്നിവർ പ്രസംഗിച്ചു. ട്രഷറർ വേണുഗോപാലൻ മുഖ്യ അതിഥിയെ പൊന്നാടയണിയിച്ചു. വിവിധ കലാപരിപാടികൾ, സമൃദ്ധമായ ഓണ സദ്യ എന്നിവ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. സെക്രട്ടറി സതി സന്തോഷ് ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാ ശ്രീ നാരായണീയർക്കും നന്ദി രേഖപ്പെടുത്തി.