വാഷിംഗ്ടണ്‍: H5N1 പക്ഷിപ്പനി വൈറസ് അമേരിക്കയില്‍ മൃഗങ്ങള്‍ക്കിടയില്‍ അതിവേഗം പടരുന്നത് ആരോഗ്യ വിദഗ്ദ്ധരിലടക്കം ആശങ്ക സൃഷ്ടിക്കുന്നു. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിന്റെ സൂചനകള്‍ക്കിടയില്‍ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
പുതിയ ഗവേഷണമനുസരിച്ച്, മനുഷ്യര്‍ക്കിടയില്‍ പകരാന്‍ വൈറസിന് ഒരു ജനിതക മാറ്റം മാത്രമേ ആവശ്യമുള്ളൂ എന്നതും ശ്രദ്ധേയം.രോഗബാധിതരായ 50% മനുഷ്യരും മരണപ്പെടുന്നുവെന്നതിനാല്‍ H5N1 വളരെ മാരകമായ ഒരു വൈറസായാണ് കണക്കാക്കുന്നത്. ജനിതക മാറ്റത്തില്‍ നിന്നുള്‍പ്പെടെ വൈറസിനെ നിയന്ത്രിക്കാനും ആളുകളെ നേരിട്ട് ബാധിക്കുന്നതില്‍ നിന്ന് തടയാനും അതുവഴി ആഗോളതലത്തില്‍ രോഗം പടരുന്നത് തടയാനും മൃഗങ്ങളുടെ അണുബാധ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.
സാധാരണയായി, പക്ഷിപ്പനി മനുഷ്യര്‍ക്ക് ഭീഷണിയാകാന്‍ നിരവധി ജനിതക മാറ്റങ്ങള്‍ ആവശ്യമാണ്. എന്നിരുന്നാലും, ഇത്തവണ വൈറസിന് വേഗത്തില്‍ മാറ്റം സമഭവിക്കുന്നതിനാല്‍ ഇത് ഒരു പകര്‍ച്ചവ്യാധിയുടെ സാധ്യതയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നുവെന്ന് കാലിഫോര്‍ണിയയിലെ സ്‌ക്രിപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ആളുകള്‍ക്കിടയില്‍ H5N1 പകരുന്ന കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും മനുഷ്യരില്‍ സാധ്യത ഏറെയെന്ന് സ്‌ക്രിപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഒരു റിലീസില്‍ പറയുന്നു.മലിനമായ ചുറ്റുപാടുകളുമായും രോഗബാധിതരായ കോഴി ഉള്‍പ്പെടെയുള്ള പക്ഷികളുമായും, കറവപ്പശുക്കള്‍, കൂടാതെ മറ്റ് മൃഗങ്ങള്‍ എന്നിവയുമായും അടുത്ത സമ്പര്‍ക്കം ഉണ്ടാകുന്നത് ഒഴിവാക്കേണ്ടതാണ്. മനുഷ്യര്‍ക്കിടയില്‍ പകരാന്‍ വൈറസ് പരിണമിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പൊതുജനാരോഗ്യ വിദഗ്ദ്ധര്‍ ആശങ്കാകുലരാണ്, ഇത് പുതിയതും മാരകവുമായ ഒരു പകര്‍ച്ചവ്യാധിയിലേക്ക് നയിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.