വാഷിങ്ടൺ: ഇന്ത്യൻ വംശജയായ ഹർമീത് കെ ധില്ലണെ അറ്റോണി ജനറലായി നിയമിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പൗരവകാശങ്ങൾക്കായുള്ള അറ്റോണി ജനറലായി യു.എസ് നീതി വകുപ്പിലാണ് അവർക്ക് നിയമനം നൽകിയിരിക്കുന്നത്. സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിയമനവിവരം അറിയിച്ചിരിക്കുന്നത്.
ഹർമീതിനെ നാമനിർദേശം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ട്രംപ് പറഞ്ഞു. കരിയറിൽ ഉടനീളം പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അവർ പ്രയത്നിച്ചിട്ടുണ്ട്. വൻകിട ടെക് കമ്പനികൾ അഭിപ്രായസ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിട്ടപ്പോൾ അതിനെതിരെ അവർ നിലകൊണ്ടു.
കോവിഡുകാലത്ത് ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാർഥനക്ക് നിയന്ത്രണമുണ്ടായപ്പോഴും അവർ അതിനെതിരെ പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഡാർമൗത്ത് കോളജിൽ നിന്നും ബിരുദം നേടിയ അവർ വിർജീനിയയിലെ നിയമവിദ്യാലയത്തിൽ നിന്നാണ് നിയമപഠനം പൂർത്തിയാക്കിയതെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചിട്ടുണ്ട്. സിഖ് സമുദായത്തിലെ അംഗമായ അവർ നമ്മുടെ പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വലിയ പോരാട്ടം നടത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
ഛണ്ഡിഗഢിലാണ് 54കാരിയായ ഹർമീത് ധില്ലൺ ജനിച്ചത്. തുടർന്ന് മാതാപിതാക്കൾക്കൊപ്പം യു.എസിലേക്ക് കുടിയേറുകയായിരുന്നു. നേരത്തെ റിപബ്ലിക്കൻ പാർട്ടിയുടെ കൺവെൻഷനിടെ ഇവർ വംശീയമായി ആക്രമിക്കപ്പെട്ടത് വാർത്തയായിരുന്നു.