ന്യൂയോര്‍ക്ക് സിറ്റി: യുണൈറ്റഡ് ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ബ്രയാന്‍ തോംസന്റെ കൊലയാളിയെന്ന് സംശയിക്കുന്നയാളെ അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ പ്രതി പോലീസിന്റെ പിടിയിലായേക്കുമെന്നും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് ശനിയാഴ്ച ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. പ്രതി പോലീസ് വലയത്തിലാണെന്നും വൈകാതെ പിടികൂടാന്‍ കഴിയുമെന്നും ഹാര്‍ലെമിലെ പോലീസ് അത്‌ലറ്റിക് ലീഗ് ഹോളിഡേ പാര്‍ട്ടിയില്‍ ആഡംസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിയുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.
2021 ഏപ്രിലില്‍ യുണൈറ്റഡ് ഹെല്‍ത്തിന്റെ ഇന്‍ഷുറന്‍സ് യൂണിറ്റിന്റെ സിഇഒ ആയ 50 കാരനായ തോംസണ്‍ ബുധനാഴ്ച രാവിലെ 6:45 ഓടെയാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. കൊലപാതകം ലക്ഷ്യമിട്ട് പ്രതി കാത്തുനിന്നതിനുശേഷമാണ് കൃത്യം നടത്തിയത്. തോംസണെ ലക്ഷ്യമിട്ടുതന്നെയാണ് കൊല നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ആറാം അവന്യൂവിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ കമ്പനിയുടെ വാര്‍ഷിക നിക്ഷേപക സമ്മേളനത്തിന് തൊട്ടുമുമ്പായിരുന്നു കൊലപാതകം.
തോംസണെ വെടിവെച്ചു വീഴ്ത്തിയതിനുശേഷം ഹുഡ് ജാക്കറ്റ്, കണ്ണുകളൊഴികെയുള്ള ഭാഗങ്ങള്‍ മറയ്ക്കുന്ന കമ്പിളി തൊപ്പി, ബാക് പാക്ക് ബാഗ് എന്നിവ ധരിച്ച് കാല്‍ നടയായി സെന്‍ട്ര്ല്‍ പാര്‍ക്കിലെത്തുകയും അവിടെ നിന്ന് ഇലക്ട്രിക് ബൈക്കില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു.
രക്ഷപ്പെടാനുള്ള പഴുതുകള്‍ അടയ്ക്കുന്നതിനായി പ്രതിയുടെ പേര് പോലീസ് തല്‍ക്കാലം മറച്ചുവെക്കുകയാണെന്ന് ആഡംസിനെ ഉദ്ധരിച്ച് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ‘പ്രതിയുടെ പേര് ഇപ്പോള്‍ പുറത്തിറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് മേയര്‍ പറഞ്ഞു. ‘മാധ്യമങ്ങള്‍ പേര് പ്രസിദ്ധീകരിക്കുകയാണെങ്കില്‍ അത് പ്രതിക്ക് ഗുണകരമായി മാറാം. അയാള്‍ക്ക് നേ്ട്ടമുണ്ടാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മുഖംമൂടിക്ക് പിന്നില്‍ ഒളിച്ചിരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നത് തുടരട്ടെ എന്നും മേയര്‍ പറഞ്ഞു.