ദമസ്കസ് : വിമത സേന പിടിച്ചടക്കിയ സിറിയയിലെ ഐ.എസ്.ഐ.എല്‍ കേന്ദ്രങ്ങള്‍ക്കുനേരെ വ്യോമാക്രമണം നടത്തിയതായി അമേരിക്ക. ബശ്ശാറുല്‍ അസദിനെ സ്ഥാനഭ്രഷ്ടനാക്കി വിമത ഗ്രൂപ്പായ ഹയാത് തഹ്‍രീർ അശാം (എച്.ടി.എസ്) ഭരണം പിടിച്ച സിറിയയില്‍ ഭീകരവാദികള്‍ പിടിമുറുക്കാതിരിക്കാനും സുരക്ഷിത താവളമാക്കുന്നത് തടയാനുമാണ് അവരുടെ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതെന്നാണ് വൈറ്റ്ഹൗസ് വിശദീകരിക്കുന്നത്. നേതാക്കളും താവളങ്ങളുമടക്കം 75 ലധികം ലക്ഷ്യസ്ഥാനങ്ങള്‍ തകർത്തതായി യു എസ് സെൻട്രല്‍ കമാൻഡ് (സെന്റ്കോം) അവകാശപ്പെടുന്നു
അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ച ഐ.എസ്.ഐ.സിന്റെ സിറിയയിലെ വിഭാഗമാണ് ഐ.എസ്.ഐ.എല്‍. ബോയിംഗ് ബി-52, മക്‌ഡൊണല്‍ ഡഗ്ലസ് എഫ്-15 ഈഗിള്‍ എന്നിവയുള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തുവെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണെന്നും സിവിലിയൻമാർക്ക് പരിക്കേറ്റതായി സൂചനയില്ലെന്നും സെന്റ്കോം വിശദീകരിക്കുന്നു.
സിറിയയുടെ ഭരണം പിടിച്ചടക്കിയ എച്.ടി.എസിന്റെ തലവൻ അബു മുഹമ്മദ് അല്‍ ജൗലാനിക്ക് ആദ്യകാലത്ത് അല്‍ ഖാഇദയോടും ഐ.എസ്.ഐ.എസ് സ്ഥാപകൻ അബൂബക്കർ അല്‍ ബാഗ്ദാദിയോടും ബന്ധമുണ്ടായിരുന്നു. ആ ബന്ധം വിഛേദിച്ചാണ് താൻ സിറിയയുടെ വിമോചനത്തിനായി പോരാടുന്നതെന്ന് ജൗലാനി വ്യക്തമാക്കിയിരുന്നു.
വിമതർ ഭരണം പിടിച്ചടക്കിയതിന് പിന്നാലെ സിറിയയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്ന് തീവ്രവാദി സംഘങ്ങള്‍ എത്താൻ സാധ്യതയുണ്ടെന്ന അമേരിക്കയുടെ വിലയിരുത്തലാണ് ആക്രമണത്തിന് പിന്നില്‍.
എന്നാല്‍, സിറിയയിലെ വിമതസേനയുടെ ഭരണത്തെ അമേരിക്ക പിന്താങ്ങുന്നുവെന്ന സൂചനയാണ് ഞായറാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് ജോ ബൈഡൻ നല്‍കുന്നത്.
ഏറെ കഷ്ടനഷ്ടങ്ങള്‍ സഹിച്ച സിറിയല്‍ ജനതക്ക് ബശ്ശാറിനെ വീഴ്ത്തി ഭരണം പിടിച്ച എച്.ടി.എസിന്റെ കൈകളിലൂടെ അഭിമാനകരമായ ഭാവി സൃഷ്ടിക്കാൻ കിട്ടിയ മികച്ച അവസരമാണിത് എന്നായിരുന്നു ബൈഡന്റെ പ്രതികരണം. റഷ്യയും ഇറാനുമടങ്ങുന്ന രാജ്യങ്ങളുടെ പിന്തുണയുള്ള ബശ്ശാറിന്റെ പതനം അമേരിക്കയുടെ പിന്തുണയുള്ള രാഷ്ട്രീയ നീക്കമാണെന്ന വിലയിരുത്തലിനെ ശരിവെക്കുന്നുണ്ട് ബൈഡന്റെ ഈ പ്രസ്താവന.