ചെന്നൈ: രാത്രിയില്‍ പട്രോളിങ്ങിനിടെ അല്ലു അര്‍ജുന്റെ പുതിയ ചിത്രം പുഷ്പ-2 കാണാന്‍പോയ പോലീസ് അസിസ്റ്റന്റ് കമ്മിഷണറെ കമ്മിഷണര്‍ പിടികൂടി. തിരുനെല്‍വേലി സിറ്റി പോലീസ് കമ്മിഷണറുടെ താത്കാലിക ചുമതലവഹിക്കുന്ന പി. മൂര്‍ത്തിയാണ് അസിസ്റ്റന്റ് കമ്മിഷണറുടെ കള്ളക്കളി പിടിച്ചത്.
വയര്‍ലെസിലൂടെ ബന്ധപ്പെടാന്‍ സാധിക്കാതെവന്നപ്പോള്‍ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് പട്രോളിങ്ങിനിടെ മുങ്ങിയെന്ന് വ്യക്തമായത്. പിന്നീട് സിനിമാ തിയേറ്ററിലായിരുന്നുവെന്ന് ഇദ്ദേഹം സമ്മതിക്കുകയും ചെയ്തു.
നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതോടെയാണ് രാത്രി പട്രോളിങ് ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം നാല് വനിതാ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളെ കഴിഞ്ഞരാത്രിയില്‍ പട്രോളിങ് നടത്താന്‍ നിയോഗിച്ചു. ഇവരുടെ മേല്‍നോട്ടത്തിനായി അസി.കമ്മിഷണറെയും നിയോഗിച്ചു.
രാത്രി 11.30-ഓടെ പട്രോളിങ് സംബന്ധിച്ച നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷണര്‍ വയര്‍ലെസിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അസി.കമ്മിഷണറെ ലൈനില്‍ കിട്ടിയില്ല. ഇതിനിടെ അദ്ദേഹം സിനിമ കാണാന്‍ പോയെന്ന വിവരം ലഭിച്ചു.കമ്മിഷണര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ നഗരത്തിലൊരു പ്രശ്‌നം നടന്നുവെന്നും അവിടെ നില്‍ക്കുകയാണെന്നും അറിയിച്ചു. അവിടെത്തന്നെ നില്‍ക്കാനും താന്‍ നേരിട്ട് വരാമെന്നും കമ്മിഷണര്‍ പറഞ്ഞു. ഇതോടെ അസിസ്റ്റന്റ് കമ്മിഷണര്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു.