Monday, December 23, 2024
HomeNewsറൺവേക്കു മുകളിൽ വീണ്ടും പട്ടം: വിമാനങ്ങൾ വൈകി, കോടികളുടെ നഷ്ടം

റൺവേക്കു മുകളിൽ വീണ്ടും പട്ടം: വിമാനങ്ങൾ വൈകി, കോടികളുടെ നഷ്ടം

തിരുവനന്തപുരം: വിമാനങ്ങളുടെ പാതയില്‍ കാണുന്ന പക്ഷികളും നാട്ടുകാര്‍ പറത്തുന്ന പട്ടങ്ങളും തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിക്കടി പ്രശ്‌നമാകുന്നു. ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിട്ടും നിര്‍ബാധം തുടരുന്ന പട്ടംപറത്തല്‍ വിമാനത്താവളത്തില്‍ അപകട സാഹചര്യമുണ്ടാക്കുന്നു. ശനിയാഴ്ച വൈകീട്ട് റണ്‍വേയ്ക്ക് മുകളില്‍ 200 അടിയോളം ഉയരത്തില്‍ പട്ടം പറന്നതു കാരണം ഇറങ്ങാനെത്തിയ നാലുവിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളെ പാര്‍ക്കിങ് ഏരിയയില്‍ പിടിച്ചിട്ടു.

റണ്‍വേക്ക് മുകളില്‍ അപകടകരമായ സാഹചര്യത്തില്‍ പട്ടം പറത്തിയ സംഭവത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി.) അധികൃതര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പട്ടം പറത്തിയ ആളെ തേടി വലിയതുറ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടില്ല.

നാലുവര്‍ഷം മുന്‍പ് മാലദ്വീപില്‍നിന്ന് തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ വിമാനത്തിന്റെ ഇടതുഭാഗത്തെ എന്‍ജിനില്‍ പട്ടത്തിന്റെ നൂല്‍ കുരുങ്ങിയ സംഭവമുണ്ടായിരുന്നു. തുടര്‍ന്ന് പോലീസും വിമാനത്താവള അധികൃതരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ പരിധിയില്‍ പട്ടം പറത്തരുതെന്ന് ചട്ടമുണ്ട്.

ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം പട്ടം പറത്തല്‍ നിരോധിച്ചുകൊണ്ട് ഉത്തരവുമിറക്കിയിരുന്നു. എന്നാല്‍ നിയമത്തെ കാറ്റില്‍പ്പറത്തി ഇപ്പോഴും വിമാനപാതയില്‍ പട്ടം പറത്തല്‍ തുടരുന്നുണ്ട്. ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ പട്ടം പറത്തുന്നവര്‍ക്കെതിരേ 1934 -ലെ എയര്‍ക്രാഫ്റ്റ് ആക്ടിലെ സെക്ഷന്‍ 11- പ്രകാരം നിയമനടപടി സ്വീകരിക്കാം. 10 ലക്ഷം രൂപ പിഴയും രണ്ടുവര്‍ഷം തടവുമാണ് ശിക്ഷയെന്ന് ബന്ധപ്പെട്ട വിമാനത്താവള അധികൃതര്‍ പറഞ്ഞു.

വിമാനങ്ങള്‍ ഇറങ്ങുന്നതിന് മുന്‍പ് സുരക്ഷിത റണ്‍വേ ഒരുക്കുന്നതിന്റെ ഭാഗമായി ഗ്രൗണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ (ഏപ്രണിലെ ഉദ്യോഗസ്ഥര്‍) പരിശോധന നടത്താനെത്തിയിരുന്നു. ഈ സമയത്താണ് മുട്ടത്തറ പൊന്നറ പാലത്തിന് സമീപത്തെ റണ്‍വേയ്ക്ക് മുകളില്‍ 200 അടി മുകളില്‍ പട്ടം പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് അടിയന്തര സാഹചര്യമൊരുക്കേണ്ടതുണ്ട് എന്നാവശ്യപ്പെട്ട് ഏപ്രണിലെ ഉദ്യോഗസ്ഥര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന് വിവരം കൈമാറി. തുടര്‍ന്ന് വിമാനത്താവളത്തിലെ അഗ്‌നിരക്ഷാസേനയും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി പട്ടത്തെ താഴേക്ക് ഇടാന്‍ പരിശ്രമിച്ചുവെങ്കിലും കഴിഞ്ഞിരുന്നില്ല. വൈകീട്ട് 6.20 ഓടെ പട്ടം താനേ വീണതിനുശേഷമാണ് വിമാനങ്ങള്‍ ഇറങ്ങിയതും പുറപ്പെട്ടതും.

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രാവിമാനങ്ങള്‍ക്കും സൈനിക-സ്വകാര്യ വിമാനങ്ങള്‍ക്കും 51 അപകടങ്ങളാണ് പക്ഷിയിടിച്ചുണ്ടായത്. ഇത്തരം അപകടങ്ങള്‍കാരണം വിമാനങ്ങള്‍ക്കു വലിയ കേടുപാടുകളും സാങ്കേതിക തകരാറുകളുമുണ്ടാകുന്നു. ഇക്കാരണത്താല്‍ അപകടമുണ്ടാകുന്ന വിമാനങ്ങളുടെ കമ്പനികള്‍ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments