വാഷിങ്ങ്ടൺ : തെരഞ്ഞെടുപ്പിന് ശേഷമുള്ള തൻ്റെ ആദ്യ മാധ്യമ അഭിമുഖത്തിൽ നയം വ്യക്തമാക്കി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എൻബിസി ന്യൂസുമായുള്ള ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിനിടെ തൻ്റെ രണ്ടാം ടേമിലെ കാഴ്ചപ്പാട് വിശദീകരിച്ചു. ജനുവരി 6 ലെ ക്യാപിറ്റോൾ കലാപകാരികൾക്കുള്ള മാപ്പ് മുതൽ കുടിയേറ്റ പരിഷ്കാരങ്ങൾ വരെ അദ്ദേഹം വ്യക്തമാക്കി.ജനുവരി 6 ലെ ക്യാപിറ്റോൾ കലാപകാരികൾക്ക് ആദ്യ ദിവസം തന്നെ മാപ്പ് നൽകുമെന്നാണ് ഡോണൾഡ് ട്രംപ് നൽകുന്ന സൂചന.
വ്യാപാര നയങ്ങൾ, ദേശീയ ഐക്യം, ആഭ്യന്തര, വിദേശ നയ മുൻഗണനകൾ എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതി ഉറപ്പുനൽകുന്ന അവകാശമായ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാൻ അധികാരമേറ്റ ആദ്യ ദിവസം തന്നെ എക്സിക്യൂട്ടീവ് നടപടിയെടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. വിവാദ നീക്കം കാര്യമായ നിയമ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിച്ച എല്ലാവരും സ്വാഭവികമായും യുണൈറ്റഡ് സ്റ്റേറ്റ്സിലെ പൗരന്മാരാണ് എന്ന് പറയുന്ന യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതിയിൽ നിന്നാണ് ജന്മാവകാശ പൗരത്വം ഉടലെടുത്തത്.“ഞങ്ങൾ അത് മാറ്റേണ്ടതുണ്ട്,. അത് അവസാനിപ്പിക്കണം.” ട്രംപ് പറഞ്ഞു.രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന തൻ്റെ പ്രചാരണ പ്രതിജ്ഞ പാലിക്കുമെന്നും ട്രംപ് പറഞ്ഞു. അത്തരക്കാർക്ക് യുഎസ് പൗരന്മാരായ കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ കൂടിയും തീരുമാനം നടപ്പാക്കും.
“കുടുംബങ്ങളെ തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതിനാൽ നിങ്ങൾ കുടുംബത്തെ തകർക്കാതിരിക്കാനുള്ള ഒരേയൊരു മാർഗ്ഗം അവരെ ഒരുമിച്ച് നിർത്തുക എന്നതാണ്, എന്നിട്ട് എല്ലാവരേയും തിരികെ അയയ്ക്കണം.”അനധികൃതമായി യുഎസിൽ താമസിക്കുന്ന എല്ലാ കുടിയേറ്റക്കാരെയും നാടുകടത്താനുള്ള പദ്ധതി നടപ്പാക്കുമെന്നും ട്രംപ് ആവർത്തിച്ചു.
ഗർഭചിദ്ര ഗുളികകളുടെ ലഭ്യത താൻ നിയന്ത്രിക്കില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെടില്ലെന്നും നാറ്റോ സഖ്യത്തിൽ നിന്ന് പിന്മാറുന്നത് പരിഗണിക്കുമെന്നും ട്രംപ് പറഞ്ഞു. ഇതൊക്കെ കാരണം അമേരിക്കക്കാർക്ക് ഉയർന്ന ചിലവ് നേരിടേണ്ടി വരുമെന്ന് അദ്ദേഹം സമ്മതിച്ചു.