പ്രണയത്തിനും വിവാഹത്തിനും പ്രായവും സമയവുമുണ്ടോ? ഇല്ലെന്നു തെളിയിച്ചിരിക്കുകയാണ് അമേരിക്കക്കാരായ അപ്പൂപ്പനും അമ്മൂമ്മയും. ഇരുവർക്കും പ്രായം നൂറു കഴിഞ്ഞു. അപ്പോഴാണ് അവർ വീണ്ടും വിവാഹിതരാകാൻ തീരുമാനിക്കുന്നത്.അതെ, നൂറാം വയസ്സില്‍ നൂറ്റിരണ്ടുകാരി വധുവിനെ മിന്നുകെട്ടി സ്വന്തമാക്കി റെക്കോഡ് നേടിയിരിക്കുകയാണ് ഫിലാഡല്‍ഫിയക്കാരായ ബെര്‍ണീ ലിറ്റ്മാനും മര്‍ജോരി ഫിറ്റര്‍മാനും.
ഏറ്റവും പ്രായം കൂടിയ നവദമ്പതികള്‍ എന്ന റെക്കോര്‍ഡാണ് ഈ വിവാഹത്തോടെ ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്.സെഞ്ചുറി പിന്നിട്ട ദമ്പതികളുടെ പ്രണയം തുടങ്ങുന്നത് ഫിലാഡല്‍ഫിയയിലെ വയോജനങ്ങള്‍ക്കുള്ള ഒരു ലിവിങ് ഫെസിലിറ്റി സെന്ററില്‍ നിന്നാണ്. സെന്ററില്‍ നടന്ന ഒരു കോസ്റ്റ്യൂം പാര്‍ട്ടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. അതും ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. സുഹൃത്തുക്കളായി ബന്ധം ആരംഭിച്ച ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിട്ടതോടെയാണ് മെയ് 19ന് നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായത്.നേരത്തെ വിവാഹം കഴിക്കുകയും മക്കളെ നോക്കി വളര്‍ത്തുകയുമൊക്കെ ചെയ്തവരാണ് ബെര്‍ണിയും മര്‍ജോരിയും. പങ്കാളികള്‍ മരണപ്പെട്ടതോടെയാണ് ലിവിങ് സെന്ററിലേക്ക് ഇരുവരുമെത്തുന്നത്. വിവാഹച്ചടങ്ങില്‍ ഇരുവരുടേയും പേരക്കുട്ടികളടക്കം പങ്കെടുത്തിരുന്നു.
ഇന്ന് നൂറ് വയസ്സുള്ള എന്റെ മുത്തച്ഛന്‍ 102 വയസ്സുള്ള അവരുടെ ഗേള്‍ഫ്രണ്ടിനെ വിവാഹം ചെയ്തിരിക്കുന്നു എന്നാണ് വിവാഹവാര്‍ത്ത പങ്കുവെച്ചുകൊണ്ട് ലിറ്റ്മാന്റെ പേരക്കുട്ടി സാറ സിഷര്‍മാന്‍ എഴുതിയത്.