നവിമുംബൈ : കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണത്തോടടുത്ത അഞ്ചുവയസ്സുകാരിക്ക് പുതുജീവൻനൽകി അപ്പോളോ ആശുപത്രിയിലെ ഡോക്ടർ സംഘം.
നവംബർ ഏഴിന് പാംബീച്ച് റോഡിലുണ്ടായ വാഹനാപകടത്തിലാണ് അഞ്ചുവയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ പിതാവ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയും അമ്മയ്ക്ക് തലയ്ക്ക് മാരകമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടസ്ഥലത്തുനിന്ന് അമ്മയേയും പെൺകുട്ടിയേയും ഉടൻ തൊട്ടടുത്തുള്ള നഴ്‌സിങ് ഹോമിലെത്തിക്കുകയും പിന്നീട് അപ്പോളോ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. തലയോട്ടി, മുഖം, ശ്വാസകോശം, വൃക്ക എന്നിവയ്ക്ക് ക്ഷതമേറ്റ് അബോധാവസ്ഥയിലായ നിലയിലാണ് കുട്ടിയെ അപ്പോളോവിലെത്തിച്ചത്.
അപ്പോളോവിലെ മൾട്ടിഡിസിപ്ലിനറി മെഡിക്കൽസംഘം മണിക്കൂറുകൾ നീണ്ട രണ്ടുശസ്ത്രക്രിയകൾ നടത്തി. ഇതിനുപുറമേ മുഖത്തെ മുറിവുകൾക്കായി പ്ലാസ്റ്റിക് സർജറിയും ചെയ്തു. വൃക്കയുടേയും ശ്വാസകോശത്തിന്റേയും പ്രവർത്തനം സാധാരണ നിലയിലായതോടെ പതിനെട്ടു ദിവസത്തെ തീവ്രപരിചരണത്തിന് ശേഷമാണ് കുട്ടി ആശുപത്രി വിട്ടത്.
കുട്ടിയുടെ ചികിത്സ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും സമയത്തിന് ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് ചികിത്സ ഫലപ്രദമായതെന്നും അപ്പോളോവിലെ ശിശു തീവ്രപരിചരണവിഭാഗം മേധാവി ഡോ. അഭിജിത്ത് ബാഗ്‌ഡെ പറഞ്ഞു.