നെവാർക് : ടേക്ക് ഓഫീന് പിന്നാലെ ഫ്ലൈറ്റിന്റെ ക്യാബിനിൽ പുക നിറഞ്ഞതിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. പ്രത്യേക വാതിലിലൂടെയാണ് യാത്രക്കാരെ ഒഴിപ്പിച്ച് സുരക്ഷിതരാക്കിയത്. ഡിസംബർ നാലിന് അമേരിക്കയിലെ നെവാർക്കിലാണ് സംഭവം. നെവാർക്കിൽ നിന്ന് ഡിട്രോയിറ്റിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻ വിമാനത്തിലായിരുന്നു അപകടം. വിമാനം 19000 അടി ഉയരത്തിൽ എത്തിയപ്പോഴാണ് പുക ശ്രദ്ധയിൽപ്പെട്ടത്.പുകമണം അസഹ്യമായതിന് പിന്നാലെ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.
ഇരുപത് വർഷം പഴക്കമുള്ള എംപ്രേർ ഇ 170 യുണൈറ്റഡ് ജെറ്റ് വിമാനത്തിലാണ് പുകമണം നിറഞ്ഞത്. ചെറിയ രീതിയിൽ അനുഭവപ്പെട്ട പുകമണം അതിരൂക്ഷമായതിന് പിന്നാലെയാണ് വിമാനം അടിയന്തരമായി നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്തിൽ തിരിച്ചിറക്കിയത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്.റൺവേയിലേക്ക് എത്തിയതിന് പിന്നാലെ തന്നെ എമർജൻസി സ്ലൈഡുകളിലൂടെ യാത്രക്കാരെ വിമാനത്തിന് പുറത്തേക്ക് എത്തിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിശദമാക്കിയിട്ടുള്ളത്.