കുവൈറ്റിൽ നിന്ന് ലോൺ എടുത്ത് മുങ്ങിയെന്ന പരാതിയിൽ മലയാളികൾക്കെതിരെ അന്വേഷണം. ഗൾഫ് ബാങ്ക് കുവൈത്താണ് പരാതിയുമായി രംഗത്ത് വന്നത്. ഇതുപ്രകാരം കേരളത്തിൽ ഇതുവരെ 10 കേസുകൾ രജിസ്റ്റർ ചെയ്തു. 50 ലക്ഷം മുതൽ 2 കോടി വരെയാണ് പലരും ലോണെടുത്തിട്ടുള്ളത്. ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടിയെന്ന പരാതിയിൽ 1425 പേർക്കെതിരെയാണ് അന്വേഷണം.
കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്നവർക്കെതിരെയാണ് ഏറെയും പരാതി വന്നിട്ടുള്ളത്. ആരോപിക്കപ്പെട്ടവരിൽ എഴൂനൂറോളം പേർ നഴ്സുമാരാണ്. അൻപത് ലക്ഷം മുതൽ രണ്ട് കോടി രൂപവരെയാണ് പലരും ലോൺ എടുത്തത്. കുവൈത്ത് വിട്ട പലരും പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് ജോലിക്കായി പോയി. ഒരു മാസം മുൻപാണ് ഗൾഫിൽ നിന്ന് ബാങ്ക് തട്ടിപ്പ് സംബന്ധിച്ച വിവരം കേരള പോലീസിനെ അറിയിച്ചത്. തട്ടിപ്പ് നടത്തിയവരിൽ കുവൈത്തിലെ സർക്കാർ ഉദ്യോഗസ്ഥരായ മലയാളികളും ഉണ്ട്.
ബാങ്ക് അധികൃതർ കേരളത്തിലെത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കണ്ടതിന് പിന്നാലെയാണ് നടപടി. ബാങ്കിനെ കബളിപ്പിച്ചെന്ന് തിരിച്ചറിഞ്ഞ പത്തുപേർക്കെതിരെയാണ് ഇപ്പോൾ കേസ് എടുത്തത്. കഴിഞ്ഞ മാസം അഞ്ചാം തീയതി ബാങ്ക് പ്രതിനിധികൾ കേരളത്തിലെത്തി എഡിജിപി മനോജ് എബ്രഹാമിനെ കണ്ടിരുന്നു. ഡിജിപിയുടെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.