വാഷിങ്ടൺ : യുഎസിലെ വടക്കൻ കാലിഫോർണിയയെ പിടിച്ചുകുലുക്കി ഭൂചലനം. ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ചെറിയ നഗരമായ ഫെർണ്ടെയ്‌ലിന്റെ പടിഞ്ഞാറ് പ്രാദേശിക സമയം രാവിലെ 10.44 ന് ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സാൻ ഫ്രാൻസിസ്കോ വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഭൂചലനത്തെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച യുഎസ് ജിയോളജിക്കൽ സർവേ, സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചെങ്കിലും വൈകാതെ പിൻവലിച്ചു. ‘ശക്തമായ തിരമാലകൾ നിങ്ങളുടെ സമീപമുള്ള തീരങ്ങളെ ബാധിച്ചേക്കാം. നിങ്ങൾ അപകടത്തിലാണ്. തീരദേശ ജലാശയങ്ങളിൽ നിന്ന് മാറിനിൽക്കുക. ഉയർന്ന പ്രദേശങ്ങളിലേക്കോ ഉൾനാടുകളിലേക്കോ ഇപ്പോൾ നീങ്ങുക. മടങ്ങിയെത്താൻ പ്രാദേശിക ഉദ്യോഗസ്ഥർ നിർദേശിക്കുന്നതു വരെ തീരത്തു നിന്ന് അകന്നു നിൽക്കുക.’ – എന്നായിരുന്നു മുന്നറിയിപ്പ്.
നിരവധി സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നതായും തുടർന്ന് ചെറിയ തുടർചലനങ്ങളും അനുഭവപ്പെട്ടതായും പ്രദേശവാസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ആൾനാശമുണ്ടായതായി റിപ്പോർട്ടില്ല. സാന്താക്രൂസ് പ്രദേശത്ത് ദേശീയ കാലാവസ്ഥാ സേവനത്തിന്റെ സുനാമി മുന്നറിയിപ്പോടെ ഫോണുകൾ ശബ്ദിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയ്ക്കും ഓക്‌ലൻഡിനും ഇടയിലുള്ള ജലാന്തർഭാഗത്തുകൂടിയുള്ള തുരങ്കത്തിലൂടെ എല്ലാ ദിശകളിലേക്കുമുള്ള ഗതാഗതം നിർത്തിവച്ചു.