Monday, December 23, 2024
HomeGulfടോൾ, പാർക്കിംഗ്, മാലിന്യ ശേഖരണം: പുതുവർഷം മുതൽ നിരക്കുകൾ പലതും കൂട്ടി ദുബൈ

ടോൾ, പാർക്കിംഗ്, മാലിന്യ ശേഖരണം: പുതുവർഷം മുതൽ നിരക്കുകൾ പലതും കൂട്ടി ദുബൈ

ദുബൈയിലെ പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന നിരക്കു വര്‍ധന പുതുവര്‍ഷത്തില്‍ നിലവില്‍ വരും. പാര്‍ക്കിംഗ്, ടോള്‍ നിരക്കുകളിലാണ് പ്രധാന വര്‍ധന വരുന്നത്. ദുബൈ മുനിസിപ്പാലിറ്റിയുടെ ജല വകുപ്പും ചില സേവനങ്ങള്‍ക്ക് ഫീസ് വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസികളില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്ന സാലിക് ടോള്‍ നിരക്കിലെ വര്‍ധനയാണ് കൂടുതല്‍ തിരിച്ചടിയാകുന്നത്. ടോള്‍ പ്ലാസകളില്‍ രണ്ട് ദിര്‍ഹം വീതമാണ് ജനുവരി ഒന്ന് മുതല്‍ കൂടുന്നത്. ഒന്നിലേറെ ടോളുകളിലൂടെ ദിവസവും സഞ്ചരിക്കേണ്ടി വരുന്ന ജീവനക്കാരുടെ ചിലവുകള്‍ വലിയ തോതില്‍ ഉയരും. ദിവസേന എട്ടു ദിര്‍ഹം വരെ ടോള്‍ ഫീസായി നല്‍കുന്ന മലയാളികളായ ജീവനക്കാരുണ്ട്. ഇവര്‍ക്ക് ഇനി മുതല്‍ 16 ദിര്‍ഹം (360 രൂപ) പ്രതിദിനം ടോളായി നല്‍കേണ്ടി വരും. പ്രതിമാസം കുറഞ്ഞത് 500 ദിര്‍ഹം ഈ ഇനത്തില്‍ ചിലവ് വരും.

എല്ലാ പാര്‍ക്കിംഗ് ഏരിയകളിലും മണിക്കൂറിനുള്ള ഫീസില്‍ രണ്ട് ദിര്‍ഹം വീതം കൂടും. രാവിലെ എട്ടു മണി മുതല്‍ 10 വരെയും വൈകീട്ട് നാലു മുതല്‍ രാത്രി എട്ടുമണിവരെയും പ്രീമിയം പാര്‍ക്കിംഗ് ഏരിയകളില്‍ ഇനി മുതല്‍ മണിക്കൂറിന് ആറ് ദിര്‍ഹം നല്‍കണം. മെട്രോ സ്‌റ്റേഷനുകള്‍ക്ക് 500 മീറ്റര്‍ വരെ അടുത്തുള്ള പാര്‍ക്കിംഗ് ഏരിയകളിലാണ് ഈ നിരക്ക് ഈടാക്കുക. പ്രധാന വാണിജ്യ മേഖലകളിലും പ്രീമിയം പാര്‍ക്കിംഗ് സൗകര്യങ്ങളാണുള്ളത്. രാവിലെ എട്ടുമുതല്‍ രാത്രി പത്ത് വരെ സ്റ്റാൻഡേർഡ് പാര്‍ക്കിംഗിലെ ഫീസ് നാലു ദിര്‍ഹമായി ഉയര്‍ത്തി. ഈവന്റ് പാര്‍ക്കിംഗ് സോണുകളില്‍ ഫീസ് 25 ദിര്‍ഹമായും വര്‍ധിപ്പിച്ചിട്ടുണ്ട്. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന പ്രധാന ഈവന്റുകളുടെ സമയത്ത് ഈ നിരക്കുകള്‍ ഈടാക്കും.

സാലിക് ടോള്‍ പ്ലാസകളില്‍ പുതിയ നിരക്കുകളാണ് ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുന്നത്. തിരക്ക് കൂടിയ സമയങ്ങളില്‍ കൂടുതല്‍ നിരക്ക് ഈടാക്കും. രാവിലെ ആറ് മുതല്‍ പത്ത് മണി വരെയും വൈകീട്ട് നാലു മുതല്‍ എട്ട് വരെയും ആറ് ദിര്‍ഹമാണ് പുതിയ നിരക്ക്. രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെയും രാത്രി എട്ട് മുതല്‍ ഒരു മണി വരെയും നാല് ദിര്‍ഹം ടോളായി നല്‍കണം. രാത്രി ഒരു മണി മുതല്‍ രാവിലെ ആറു മണിവരെ ടോളുകളില്‍ ഫീസ് ഈടാക്കില്ല. 2007 ല്‍ സാലിക് ടോള്‍ സംവിധാനം നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. നിരക്ക് വര്‍ധനയിലൂടെ നിലവിലുള്ള വാര്‍ഷിക ടോള്‍ വരുമാനം ആറ് കോടി ദിര്‍ഹത്തില്‍ നിന്ന് 11 കോടിയായി ഉയരുമെന്നാണ് ടോള്‍ നടത്തിപ്പ് കമ്പനിയായ സാലിക് പ്രതീക്ഷിക്കുന്നത്.

ദുബൈ മുനിസിപ്പാലിറ്റിയിലെ ഫ്ലാറ്റുകളിലെ താമസക്കാര്‍ നല്‍കേണ്ട മാലിന്യ ശേഖരണ ഫീസും പുതുവര്‍ഷത്തില്‍ വര്‍ധിപ്പിക്കാന്‍ ജല വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അടുത്ത മൂന്നു വര്‍ഷം വര്‍ധനയുണ്ടാകും. 2025 ല്‍ ഒരു ഗാലന് (3.79 ലിറ്റര്‍) 1.5 ഫില്‍സ് ഈടാക്കും. 2026 ല്‍ ഇത് രണ്ട് ഫില്‍സായും 2027 ല്‍ 2.8 ഫില്‍സായും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദുബൈ മുനിസിപ്പാലിറ്റി നിരക്ക് വര്‍ധിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments