ന്യൂയോർക്ക് : യു കെയിലേക്ക് മടങ്ങാൻ തനിക്കും ഭാര്യ മേഗൻ മാർക്കിളിനും പദ്ധതിയില്ലെന്ന് ഹാരി രാജകുമാരൻ വെളിപ്പെടുത്തി. യുഎസിൽ തുടരാനാണ് ആഗ്രഹമെന്ന് ബുധനാഴ്ച ന്യൂയോർക്കിൽ നടന്ന ഡീൽബുക്ക് ഉച്ചകോടിയിൽ ഹാരി പറഞ്ഞു. തൽക്കാലം യുകെയിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനത്തിന് സുരക്ഷയും കുട്ടികളുടെ ഭാവിയുമാണ് കാരണം.
യുഎസിൽ താമസിക്കുന്നതും കുട്ടികളെ ഇവിടെ വളർത്തുന്നതും വളരെയധികം ആസ്വദിക്കുന്നു. യുകെയിൽ ചെയ്യാൻ കഴിയാത്ത പലതും ഇവിടെ ചെയ്യാൻ കഴിയും. ഏറ്റവും മികച്ച ഭർത്താവും അച്ഛനുമാകാൻ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്
കുട്ടികൾക്കായി സമൂഹ മാധ്യമങ്ങൾ നിരോധിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. അത് കുടുംബ വഴക്കുകൾക്കും കളിസ്ഥലങ്ങളിലെ ഭീഷണിപ്പെടുത്തലിനും ഇടയാക്കും. എന്നാൽ സമൂഹ മാധ്യമ കമ്പനികൾ കൂടുതൽ സുതാര്യത പുലർത്തണ്ടേത് ആവശ്യമാണെന്നും ഹാരി പറഞ്ഞു.
2020 മുതൽ കലിഫോർണിയയിലെ മോണ്ടെസിറ്റോയിലാണ് ഹാരിയും മേഗനും താമസിക്കുന്നത്. രാജകുടുംബത്തിലെ സീനിയർ അംഗങ്ങളെന്ന നിലയിലുള്ള സ്ഥാനങ്ങളിൽനിന്ന് മാറിനിൽക്കുകയാണെന്ന് ഹാരിയും മേഗനും മുൻപ് വ്യക്തമാക്കിയിരുന്നു. കൊട്ടാരത്തിൽ തങ്ങൾക്ക് അർഹമായ പരിഗണനയും പിന്തുണയും കിട്ടുന്നില്ലെന്നും അപമാനകരമായ സമീപനത്തെ നേരിടേണ്ടി വരുന്നുവെന്നുമുള്ള പരാതിയായിരുന്നു ഇതിനുള്ള കാരണം.