ബെയ്ജിങ്: സൈനികോപകരണങ്ങളിൽ ഉപയോഗിക്കുന്ന ഗാലിയം, ജർമേനിയം, ആന്റിമണി തുടങ്ങിയ ലോഹങ്ങളുടെയും മറ്റ് ഹൈ-ടെക് സാമഗ്രികളുടെയും യുഎസിലേക്കുള്ള കയറ്റുമതി ചൈന നിരോധിച്ചു. ചൈനീസ് ഇലക്‌ട്രോണിക് ചിപ്പ് നിർമാണക്കമ്പനികൾക്കുമേൽ യുഎസ് ഉപരോധമേർപ്പെടുത്തിയ സാഹചര്യത്തിലാണ് ചൈനയുടെ പുതിയ നീക്കം.
ചൊവ്വാഴ്ചയാണ് ചൈനീസ് വാണിജ്യ മന്ത്രാലയം ഇക്കാര്യമറിയിച്ചത്.ഗാലിയംപോലുള്ള തന്ത്രപ്രധാനമായ വസ്തുക്കൾ യുഎസിലേക്ക് അയക്കുന്നതിന് കയറ്റുമതിക്കാർ ലൈസൻസിന് അപേക്ഷിക്കണമെന്ന് വാണിജ്യ മന്ത്രാലയം നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു.140-ഓളം ചിപ്പ്, സോഫ്‌റ്റ്‍വേർ കമ്പനികൾക്ക് യുഎസ് പുതുതായി ഉപരോധമേർപ്പെടുത്തിയിരുന്നു. അതിൽ ഭൂരിഭാഗവും ചൈന ആസ്ഥാനമാക്കിയുള്ളവയാണ്. ചൈനക്കാരുടെ ഉടമസ്ഥതയിൽ ജപ്പാൻ, ദക്ഷിണകൊറിയ, സിങ്കപ്പൂർ രാജ്യങ്ങൾ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന കമ്പനികളെയും യുഎസ് കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്.
അധികാരത്തിലെത്തിയാൽ ചൈനയിൽനിന്നുള്ള ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതിത്തീരുവ കുത്തനെ കൂട്ടുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അത് പുതിയ ആഗോളവ്യാപാരയുദ്ധത്തിനു വഴിവെക്കുമെന്ന വിലയിരുത്തലുകൾക്കിടെയാണ് ചൈനയുടെ നീക്കം.