ഹൈദരാബാദ്: പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ റൂൾ’ ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രം തിയേറ്ററിൽ എത്താൻ ഒരു ദിവസം മാത്രം ശേഷിക്കേ, ചിത്രത്തിൽ താരങ്ങൾക്ക് ലഭിച്ച പ്രതിഫലമാണ് ചർച്ചയാകുന്നത്.’പുഷ്പ ദ റൈസ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് അടുത്തിടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ അല്ലു അർജുൻ വീണ്ടും പുഷ്പ രാജായി തിരിച്ചുവരുമ്പോൾ പ്രതിഫല റെക്കോഡുകൾ കൂടി തകർക്കുകയാണ്. ചിത്രത്തിനായി അല്ലു അർജുൻ 300 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി അല്ലു മാറി.
സിങ് ശെഖാവത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുഷ്പയിൽ തകർത്താടിയ ഫഹദ് ഫാസിലിന്‍റെ പ്രതിഫലവും പുറത്തുവന്നു. എട്ട് കോടി രൂപയാണ് ചിത്രത്തിത്തിനായി ഫഹദ് വാങ്ങിയത്. പുഷ്പ 2വിലെ അഭിനയത്തിന് രശ്മിക ഈടാക്കിയത് 10 കോടി രൂപയാണ്. അല്ലു അർജുനൊപ്പം “കിസ്സിക്ക്” എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെടുന്ന ശ്രീലീലക്ക് രണ്ട് കോടിയാണ് പ്രതിഫലം. ഗാനം ഇതിനകം തന്നെ വലിയ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു.