വാഷിങ്ടൺ: അമേരിക്ക ചുമത്തുന്ന തീരുവ താങ്ങാനാകുന്നില്ലെങ്കിൽ കാനഡക്ക് അമേരിക്കയിൽ ലയിക്കാമെന്ന് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് രസകരമായ നിർദേശം മുന്നോട്ടുവച്ചത്. കാനഡയുടെ ഉൽപന്നങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ഇത്രയും അധികം നികുതി ചുമത്തിയാൽ സമ്പദ്ഘടനയെ തകർക്കുമെന്ന് ട്രൂഡോ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കാനഡയ്ക്ക് അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാകാമെന്ന് ട്രംപ് സൂചിപ്പിച്ചതെന്ന് ‘ഫോക്‌സ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ട്രൂഡോയുടെ അപ്രതീക്ഷിത യുഎസ് സന്ദർശനം. ട്രംപിന്റെ നികുതി പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ട്രൂഡോ നേരിട്ട് അദ്ദേഹത്തെ കാണാനെത്തിയത്.
അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റവും നിയമവിരുദ്ധമായ ലഹരിക്കടത്തും തടയുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു കാനഡ-മെക്‌സിക്കോ ചരക്കുകൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ജനുവരി 20ന് പുതിയ യുഎസ് പ്രസിഡന്റായി അധികാരമേൽക്കുന്ന ആദ്യ ദിവസം തന്നെ നികുതി പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇതിനു പിന്നാലെ ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിന്റെ ഗോൾഫ് റിസോർട്ടായ ‘മാർ-എ-ലാഗോ’യിൽ നേരിട്ടെത്തുകയായിരുന്നു ട്രൂഡോ.
100 ബില്യൻ ഡോളർ അമേരിക്കയിൽനിന്ന് കൊള്ളയടിക്കാതെ താങ്കളുടെ രാജ്യത്തിന് അതിജീവിക്കാൻ കഴിയില്ലേയെന്ന് ട്രംപ് ട്രൂഡോയോട് ചോദിച്ചു. അങ്ങനെയാണെങ്കിൽ 51-ാമത്തെ സംസ്ഥാനമായി കാനഡ അമേരിക്കയ്‌ക്കൊപ്പം ചേരണമെന്നും ട്രൂഡോയ്ക്ക് വേണമെങ്കിൽ അവിടെ ഗവർണറാകാമെന്നും അദ്ദേഹം പറഞ്ഞു.