ബെംഗളൂരു: സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ളതും ചൂടേറിയതുമായ പ്രഭാവലയത്തെക്കുറിച്ച് പഠിക്കാനുള്ള യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ഇ.എസ്.എ.) പ്രോബ-3 ദൗത്യം ഡിസംബർ നാലിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.) വിക്ഷേപിക്കും.
വൈകീട്ട് 4.08-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിൽനിന്ന് പി.എസ്.എൽ.വി.-സി 59 റോക്കറ്റിലാണ് വിക്ഷേപണം.രണ്ട് ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപിക്കുന്ന ദൗത്യമാണ് പ്രോബ-3. ഒക്യുൽറ്റർ (200 കിലോഗ്രാം), കൊറോണഗ്രാഫ് (340 കിലോഗ്രാം) എന്നിവയാണ് ഉപഗ്രഹങ്ങൾ. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെക്കുറിച്ച് പഠിക്കുന്നവിധത്തിലാണ് ദൗത്യം രൂപകല്പനചെയ്തിരിക്കുന്നത്.
ഏകദേശം 1680 കോടിരൂപ ചെലവുള്ള ദൗത്യത്തിന് രണ്ടുവർഷമാണ് കാലാവധി. ഭൂമിയിൽനിന്ന് കുറഞ്ഞ അകലം 600 കിലോമീറ്ററും കൂടിയ അകലം 60,530 കിലോമീറ്ററുമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാകും പേടകങ്ങളെ എത്തിക്കുക. ഐ.എസ്.ആർ.ഒ. 2001-ൽ വിക്ഷേപിച്ച പ്രോബ-1, 2009-ൽ വിക്ഷേപിച്ച പ്രോബ-2 എന്നിവയുടെ തുടർദൗത്യമാണ് പ്രോബ-3.