Monday, December 23, 2024
HomeGulfഇരുട്ടടിയായി പരിഷ്കരിച്ച സന്ദർശക വീസ നിയമം: വീസ പുതുക്കാൻ 30 ദിവസം വരെ ഇടവേള

ഇരുട്ടടിയായി പരിഷ്കരിച്ച സന്ദർശക വീസ നിയമം: വീസ പുതുക്കാൻ 30 ദിവസം വരെ ഇടവേള

ദുബായ് : വീസ കാലാവധി കഴിയുന്നവർ മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തി, പുതുക്കിയ വീസയുമായി അന്നുതന്നെ ദുബായിൽ മടങ്ങിയെത്തുന്നതിനുണ്ടായ സൗകര്യം താൽക്കാലികമായി അവസാനിപ്പിച്ച് ദുബായ്. സന്ദർശക, ടൂറിസ്റ്റ് വീസ നിയമം പുതുക്കിയതിന് പിന്നാലെ, വീസ പുതുക്കാൻ ഇനി 30 ദിവസത്തെ ഇടവേള വേണം. അതേസമയം, യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്നുള്ള വീസക്കാർക്ക് നിലവിലെ സൗകര്യം ലഭ്യമാകുന്നുണ്ട്

ദുബായ് വീസ പുതുക്കുന്നതിന്റെ ഭാഗമായി രാജ്യം വിട്ടവരുടെ അപേക്ഷകൾ നിരസിച്ചതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. അതേസമയം, രാജ്യം വിടാതെ തന്നെ രണ്ടു തവണ വീസ പുതുക്കാനുള്ള സൗകര്യം ദുബായിലുണ്ട്. ‌യുഎഇയിൽ നിന്നുകൊണ്ട് ഒരു മാസത്തെ വീസ പുതുക്കുന്ന പണമുണ്ടെങ്കിൽ രണ്ടു മാസത്തെ വീസയുമായി മടങ്ങാം എന്നതാണ്, രാജ്യം വിടാൻ സന്ദർശകരെ പ്രേരിപ്പിക്കുന്നത്. കീഷിം, ഒമാൻ, കുവൈത്ത്  എന്നിവിടങ്ങളിലേക്കാണ് വീസ പുതുക്കൽ വ്യവസ്ഥ പാലിക്കാനായി വിദേശികൾ പോകുന്നത്. ദുബായ് വിമാനത്താവളത്തിൽ നിന്ന് എക്സിറ്റ് അടിക്കുന്നതിനു പിന്നാലെ, വീസ പുതുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകും. പുതുക്കിയ വീസയുമായി വീണ്ടും യുഎഇയിലേക്കു മടങ്ങുന്നതായിരുന്നു രീതി. 

എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയായി ഇത്തരത്തിൽ പുതുക്കാൻ പോയ ദുബായ് വീസക്കാർക്ക് പുതിയ വീസ ലഭിച്ചില്ല. അവർ, സ്വന്തം രാജ്യത്തേക്കു മടങ്ങേണ്ടി വന്നു. സ്വന്തം രാജ്യത്തു നിന്നു മാത്രമേ ഇവർക്ക് തിരികെ വരാൻ കഴിയൂ. ഇങ്ങനെയുള്ളവർ പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ 30 ദിവസത്തിനു ശേഷമാണ് അനുമതി ലഭിക്കുന്നതെന്നു ട്രാവൽ കമ്പനികൾ അറിയിച്ചു. ഒരാഴ്ച മുൻപാണ് സന്ദർശക വീസയുടെ കാര്യത്തിൽ ദുബായ് പരിഷ്കാരം ഏർപ്പെടുത്തിയത്. സന്ദർശക വീസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസസ്ഥലത്തിന്റെ വിവരവും മടക്കയാത്ര ടിക്കറ്റും നൽകണം. അല്ലാത്ത അപേക്ഷകൾ നിരസിക്കും. സന്ദർശക വീസയിൽ എത്തുന്നവർ വീസ നിയമം ലംഘിച്ചു രാജ്യത്തു തുടരുന്ന സംഭവങ്ങൾ ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമാണിത്. പൊതുമാപ്പ് പൂർത്തിയാകാൻ ഒരു മാസമാണ് ബാക്കിയുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments