Sunday, December 22, 2024
HomeEuropeയുകെ പൊലീസിനോട് നുണ പറഞ്ഞു; വനിതാ ഗതാഗത മന്ത്രി‌ ക്രിമിനൽ കേസിൽ കുറ്റസമ്മതം നടത്തി...

യുകെ പൊലീസിനോട് നുണ പറഞ്ഞു; വനിതാ ഗതാഗത മന്ത്രി‌ ക്രിമിനൽ കേസിൽ കുറ്റസമ്മതം നടത്തി രാജിവച്ചു

ലണ്ടൻ : യുകെയിലെ ലേബർ മന്ത്രിസഭയിൽ നിന്നും ആദ്യത്തെ രാജി. ഗതാഗത മന്ത്രി ലൂയിസ് ഹൈഗ് (37) ആണ് രാജിവച്ചത്. കിയേർ സ്റ്റാമെർ മന്ത്രിസഭയിലെ ഗതാഗത സെക്രട്ടറിയും 2015 മുതൽ ഷെഫീൽഡ് ഹീലെ പാർലമെന്റ് മണ്ഡലത്തിൽ നിന്നുമുള്ള എംപിയുമാണ്. 2013 ൽ ഒരു വർക്ക് മൊബൈൽ ഫോൺ മോഷണം പോയെന്ന് പൊലീസിനോട് തെറ്റായി പറഞ്ഞതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ കുറ്റസമ്മതം നടത്തിയ ശേഷമാണ് ലൂയിസ് ഹൈഗ് ഗതാഗത സെക്രട്ടറി സ്ഥാനം രാജിവച്ചത്.

എന്തായാലും പണ്ടെങ്ങോ കള്ളം പറഞ്ഞതിന്റെ പേരിൽ മന്ത്രി സ്ഥാനം രാജിവച്ച വാർത്ത യുകെയിൽ അതിവേഗമാണ് ചർച്ചകളിൽ ഇടം നേടി വൈറൽ ആയത്. ‘എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ വനിതാ കാബിനറ്റ് അംഗമായി തന്റെ നിയമനം ജീവിതത്തിലെ അഭിമാനകരമായ നേട്ടങ്ങളിൽ ഒന്നാണെന്ന്’ രാജിക്ക് ശേഷം പ്രധാനമന്ത്രി കിയേർ സ്റ്റാമെറിന് അയച്ച കത്തിൽ ലൂയിസ് ഹൈഗ് പറഞ്ഞു. സർക്കാരിനെയും കിയേർ സ്റ്റാമെറുടെ നയങ്ങളെയും തുടർന്നും പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നും ഹൈഗ് അറിയിച്ചു. വർഷങ്ങൾക്ക് മുൻപ് ഒരുരാത്രിയിൽ നടത്തിയ നൈറ്റ്‌ ഔട്ടിനിടെ ഫോൺ നഷ്‌ടപ്പെട്ടുവെന്ന് യുകെ പൊലീസിനോട് പറഞ്ഞുവെന്ന് കഴിഞ്ഞ ദിവസം ലൂയിസ് ഹൈഗ് സമ്മതിച്ചിരുന്നു. തുടർന്നായിരുന്നു ഇന്ന് രാവിലെ മന്ത്രി സ്ഥാനം രാജിവച്ചത്. മന്ത്രി സ്ഥാനം രാജിവച്ചെങ്കിലും എംപിയായി തുടരും.

മൊബൈൽ ഫോൺ പിന്നീട് പോയിട്ടില്ലെന്ന് കണ്ടെത്തിയ വിവരം മനഃപ്പൂർവം മറച്ചു വയ്ക്കുക ആയിരുന്നു മന്ത്രി. എന്നാൽ ഫോൺ നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്‌തശേഷം പിന്നീട് തിരിച്ചുകിട്ടിയ കാര്യം വെളിപ്പെടുത്തേണ്ടെന്ന് ഒരു അഭിഭാഷകൻ ഉപദേശിച്ചതിനെ തുടർന്നാണ് ആവിധത്തിൽ പെരുമാറിയെതെന്നും ലൂയിസ് ഹൈഗ് പറഞ്ഞു. എന്നാൽ വിവരം പുറത്തു വന്നതിനെ തുടർന്ന് പൊലീസ് കേസ് ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് കൈമാറി. കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയെങ്കിലും കോടതി ലൂയിസ് ഹൈഗിനെ ശിക്ഷിച്ചില്ല. പകരം മൈനർ കുറ്റകൃത്യമായി കണക്കാക്കി കേസ് ഡിസ്ചാർജ്ജ് ചെയ്യുകയായിരുന്നു. ഇന്ന് പാർലമെന്റിൽ ദയാവധം നിയമവിധേയം ആക്കുവാനുള്ള ബില്ലിന്മേൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മന്ത്രിയുടെ അപ്രതീക്ഷിത രാജി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments