Monday, December 23, 2024
HomeScienceഗ്രീന്‍ എനര്‍ജിയില്‍ വമ്പൻ...

ഗ്രീന്‍ എനര്‍ജിയില്‍ വമ്പൻ പദ്ധതികളുമായി കേരളം: കൊച്ചി-തിരുവനന്തപുരം ഹൈഡ്രജന്‍ വാലി

കൊച്ചി : ഊര്‍ജ്ജസംരക്ഷണത്തിനും ഉപഭോഗത്തിനുമായുള്ള വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഗ്രീന്‍ എനര്‍ജി മേഖലയില്‍ രാജ്യത്തിന് മാതൃകയാകാന്‍ കേരളത്തിന് സാധിക്കുമെന്ന് വിദഗ്ധര്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ 2024ല്‍ ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രാഫീന്‍, ഗ്രീന്‍ എനര്‍ജി എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ടെക് ടോക്കിലാണ് ഈ അഭിപ്രായമുയര്‍ന്നത്. 2050 ഓടെ നെറ്റ് കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമെന്ന നേട്ടം കൈവരിക്കുമെന്ന കാഴ്ചപ്പാട് 2022-23 ലെ സംസ്ഥാന ബജറ്റില്‍ കേരളം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിന്റെയും ഉപയോഗത്തിന്റെയും കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഗ്രീന്‍ ഹൈഡ്രജന്‍ നയത്തിന് കേരളം അന്തിമ രൂപം നല്‍കുകയാണെന്ന് ‘ഗ്രീന്‍ ഹൈഡ്രജന്‍-ഫ്യുവലിംഗ് ദി ഫ്യൂച്ചര്‍ വിത്ത് ക്ലീന്‍ എനര്‍ജി ഇന്‍ എഐ ഇറ’ എന്ന വിഷയത്തില്‍ സംസാരിച്ച അനെര്‍ട്ടിലെ ശാസ്ത്രജ്ഞന്‍ കെ.പ്രേംകുമാര്‍ പറഞ്ഞു. കരട് നയം അനുസരിച്ച്, 2030-ഓടെ ഹൈഡ്രജന്റെ വില കിലോയ്ക്ക് 200 രൂപയായി കുറയ്ക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ഗതാഗതം, ശുദ്ധീകരണശാലകള്‍, രാസവള വ്യവസായം, ഉരുക്ക് തുടങ്ങിയ മേഖലകളിലെ കാര്‍ബണ്‍ സ്രോതസ്സുകള്‍ക്കുള്ള ഏക ബദല്‍ ഹൈഡ്രജന്‍ ആണ്. കേരളത്തില്‍ ഇപ്പോള്‍ ആയിരക്കണക്കിന് ടണ്‍ ഹൈഡ്രജന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയെല്ലാം പ്രകൃതിവാതക പരിവര്‍ത്തനത്തില്‍ നിന്നുള്ളതാണ്

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സംസ്ഥാന പ്രവര്‍ത്തന പദ്ധതികളുടെ (എസ്.എ.പി.സി.സി) ഇന്‍വെന്ററി റിപ്പോര്‍ട്ട് അനുസരിച്ച്, കേരളത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ (carbon emmision)ഗണ്യമായ ഒരു ഭാഗം ഊര്‍ജ്ജ-ഗതാഗത മേഖലകളില്‍ നിന്നാണെന്ന് പ്രേംകുമാര്‍ പറഞ്ഞു. മൂന്നോ നാലോ സംസ്ഥാനങ്ങള്‍ മാത്രമാണ് ഹരിത ഹൈഡ്രജന്‍ നയം പ്രഖ്യാപിച്ചിട്ടുള്ളത്. 2025 ജൂണ്‍ 30ന് മുമ്പ് കമ്മീഷന്‍ ചെയ്യുന്ന പദ്ധതികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കും. ഗ്രീന്‍ ഹൈഡ്രജന്‍ ഹബ് സ്ഥാപിക്കുന്ന ആദ്യ സ്ഥാപനത്തിന് ഏകദേശം 50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും പ്രേംകുമാര്‍ പറഞ്ഞു. വികേന്ദ്രീകൃത ഹൈഡ്രജന്‍ ഉല്‍പ്പാദനമാണ് സോളാര്‍ പോലെ കേരളത്തിന് അനുയോജ്യം. ഒരു കിലോ ഹൈഡ്രജന്റെ വില 600 രൂപയ്ക്ക് മുകളിലാണ്. അതേസമയം ഗ്രേ ഹൈഡ്രജന്റെ വില ഏകദേശം 150 രൂപയാണ്. ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ അടുത്ത അഞ്ചോ ആറോ വര്‍ഷത്തേക്കായി 19,000 കോടി രൂപയുടെ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അനെര്‍ട്ട് ഈ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് 2030 ഓടെ രാജ്യത്ത് നാല് ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ക്ലസ്റ്ററുകള്‍ വികസിപ്പിക്കുമെന്ന് കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) മെമ്പര്‍ സെക്രട്ടറി ഡോ.പി.വി ഉണ്ണികൃഷ്ണന്‍ ‘ഗ്രീന്‍ എനര്‍ജി ആന്‍ഡ് മൈക്രോ ഗ്രിഡ്‌സ’ എന്ന വിഷയത്തില്‍ സംസാരിക്കവെ പറഞ്ഞു. കൊച്ചി മുതല്‍ തിരുവനന്തപുരം വരെ കേരള ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ക്ലസ്റ്റര്‍ സ്ഥാപിക്കാനുള്ള അനുമതിക്ക് കേരളം വകുപ്പിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments