ഡൽഹി: സോഷ്യൽ മീഡിയയിലെയും ഒടിടി പ്ലാറ്റ്ഫോമുകളിലെയും അശ്ലീല ഉള്ളടക്കം തടയാൻ നിലവിലുള്ള നിയമങ്ങൾ ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ ബിജെപി എം.പി അരുൺ ഗോവലിന്റ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി വിഷയം ഗൗരവമായി ഏറ്റെടുക്കണമെന്നും ഇക്കാര്യത്തിൽ കർശനമായ നിയമങ്ങൾ രൂപീകരിക്കാൻ സമവായം വേണമെന്നും മന്ത്രി പറഞ്ഞു. നേരത്തെ, ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ എഡിറ്റോറിയൽ പരിശോധനകൾ ഉണ്ടായിരുന്നുവെന്നും, എഡിറ്റോറിയൽ പരിശോധനകളുടെ അഭാവം മൂലമാണ് അസഭ്യ ഉള്ളടക്കങ്ങൾ വ്യാപകമാകുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കേണ്ടതുണ്ടെന്നും ഒരു സമവായത്തിന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഒടിടി പ്ലാറ്റ്‌ഫോമുകളിലെയും സോഷ്യൽ മീഡിയയിലെയും അശ്ലീല ഉള്ളടക്കം ധാർമ്മിക മൂല്യങ്ങളെയും സംസ്കാരത്തെയും തകർക്കുന്നുവെന്ന്, ചോദ്യോത്തരവേളയില്‍ അരുൺ ഗോവൽ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള അശ്ലീല ഉള്ളടക്കങ്ങളുടെ നിയമവിരുദ്ധ സംപ്രേക്ഷണം പരിശോധിക്കാൻ നിലവിൽ എന്ത് സംവിധാനമാണ് രാജ്യത്ത് ഉള്ളതെന്ന് ഗോയൽ ചോദിച്ചു. പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയുന്നതിൽ നിലവിലുള്ള നിയമങ്ങൾ ഫലപ്രദമല്ലെന്ന് മനസിലാക്കി കൂടുതൽ കർശന നിയമങ്ങൾ സർക്കാർ നിർദ്ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.