ന്യൂഡല്‍ഹി: കേരളീയ വേഷത്തില്‍ പാര്‍ലമെന്റിലെത്തിയ പ്രിയങ്ക ഗാന്ധി ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രിയങ്ക കൂടിയെത്തുന്നതോടെ നെഹ്‌റു കുടുംബത്തിലെ മൂന്നു പേര്‍ പാര്‍ലമെന്റില്‍ സാന്നിധ്യമാകും. സഹോദരന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാംഗവും അമ്മ സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്.
രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ മറികടന്ന് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു വയനാട്ടില്‍ പ്രിയങ്കയുടെ കന്നിവിജയം. ഏറെ നാള്‍ കോണ്‍ഗ്രസ് സംഘടനാ ചുമതല വഹിച്ച ശേഷമാണ് പ്രിയങ്ക ജനപ്രതിനിധിയാകുന്നത്.
അതേസമയം, ഇന്നത്തെ പാര്‍ലമെന്റ് നടപടികളില്‍ പ്രിയങ്ക ഗാന്ധി ഭാഗമാകും. അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പാര്‍ലമെന്റിലേക്ക് എത്തിയത്. പ്രിയങ്ക എംപിയാകുന്നതില്‍ അഭിമാനമെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. ജീവിതപങ്കാളി റോബര്‍ട്ട് വാദ്രയും മക്കളും പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാന്‍ എത്തിയിരുന്നു.