പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ വിവാദ ഫോട്ടോഷൂട്ടില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഹൈക്കോതിയുടെ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. പതിനെട്ടാം പടിയോട് പുറംതിരിഞ്ഞ് നിന്നുള്ള ഫോട്ടോഷൂട്ടിനെതിരെ വലിയ വിമർശനം സമൂഹ്യ മാധ്യമങ്ങളില്‍ ഉയർന്നിരുന്നു.
ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരില്‍ നിന്നും ഭക്ഷണത്തിന് നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കുന്ന കച്ചവട സ്ഥാനങ്ങള്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി വാക്കാല്‍ നിർദേശിച്ചു. ഫോട്ടോഷൂട്ട് വിവാദത്തില്‍ ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എ ഡി ജി പി സന്നിധാനം സ്പെഷ്യല്‍ ഓഫീസറോഡ് വിഷയത്തില്‍ റിപ്പോർട്ട് തേടി.
അതേസമയം, സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഒരേസമയം പരിശോധന സ്ക്വാഡുകളെ വിന്യസിച്ച് എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി. സന്നിധാനത്ത് മാത്രമായി 35 റെയ്ഡുകളാണ് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ സംഘടിപ്പിച്ചത്. 238 കോട്പ കേസുകൾ രജിസ്റ്റർ ചെയ്തു 47,600 രൂപ പിഴയും ചുമത്തി.725 ഗ്രാം പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
പാൻമസാല,സിഗരറ്റ് എന്നിവയുടെ ഉപയോഗമാണ് കൂടുതലും കണ്ടെത്തിയത്.മണ്ഡകാലം കണക്കിലെടുത്തു നിലയ്ക്കലും ,പമ്പയിലും ,സന്നിധാനത്തും എക്സൈസ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ മറ്റു വകുപ്പുകളുമായി ചേർന്ന് സംയുകത പരിശോധനകളും നടത്തുന്നുണ്ട്. അതിഥി തൊഴിലാളി ക്യാമ്പുകളും കടകളും കേന്ദ്രീകരിച്ച് പരിശോധനകൾ വ്യാപകമായി നടത്തിവരുന്നു.വരുംദിവസനങ്ങളിൽ കൂടുതൽ സംയുകത റെയ്‌ഡുകൾ സംഘടിപ്പിക്കുമെന്ന് എക്സൈസ് അധികൃത വ്യക്തമാക്കി. ലഹരിമുക്തമായ മണ്ഡല കാലം ഒരുക്കുക ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ ആണ് എക്സൈസ് നടത്തി വരുന്നത്.