ന്യൂയോർക്ക്: പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് നിലവിലെ പ്രസിഡന്‍റ് ചിട്ടയോടെ അധികാര കൈമാറ്റം ഉറപ്പാക്കുന്നതാണ് അമേരിക്കയിലെ പരമ്പരാഗത ശൈലി. എന്നാൽ 2020 ൽ പ്രസിഡന്‍റായിരുന്ന ഡോണൾഡ് ട്രംപ് ഈ പതിവ് തെറ്റിച്ചിരുന്നു. നിയുക്ത പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അധികാരം കൈമാറാതിരുന്ന ട്രംപിന്‍റെ നടപടി വലിയ വിവാദങ്ങൾക്കും സംഘർഷത്തിനുമൊക്കെ കാരണമായിരുന്നു. വലിയ തോതിൽ പ്രതിഷേധങ്ങൾ ഉയരുകയും ഒടുവിൽ 2021 ജനുവരി 6 ലെ ക്യാപിറ്റോള്‍ കലാപത്തിന് വരെ കാരണമായിരുന്നു ട്രംപ് അധികാര കൈമാറ്റത്തിന് മടികാട്ടിയത്.
എന്നാൽ 2020 ൽ ട്രംപ് ചെയ്തതുപോലെ ഇക്കുറി താൻ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബൈഡൻ. പരമ്പരാഗത രീതിയിൽ ജനുവരിയിൽ ചിട്ടയോടെയുള്ള അധികാര കൈമാറ്റം ബൈഡൻ ഉറപ്പാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും ജോ ബൈഡൻ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണ് ഇതെന്ന് വിവരിച്ചുകൊണ്ടാണ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ബൈഡൻ പങ്കെടുക്കുന്നതെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു.
പ്രസിഡന്‍റ് ബൈഡൻ മാത്രമല്ല നിലവിലെ പ്രഥമ വനിത ജിൽ ബൈഡനും ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ആൻഡ്രൂ ബെറ്റ്സ് വ്യക്തമാക്കി. ചിട്ടയോടെയുള്ള അധികാര കൈമാറ്റം ഇക്കുറി ഉറപ്പാക്കുമെന്നുമെന്നടക്കം വിശദീകരിച്ചുകൊണ്ടാണ് ആൻഡ്രു ബെറ്റ്‌സ് ഇക്കാര്യങ്ങൾ അറിയിച്ചത്.
അതേസമയം അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഇക്കുറി ട്രംപ് വമ്പൻ ജയമാണ് നേടിയത്. മൊത്തം 312 ഇലക്ടറൽ വോട്ടുകൾ നേടി ട്രംപ് അധികാരമുറപ്പിച്ചപ്പോൾ ആദ്യ വനിതാ പ്രസിഡന്‍റാകാൻ പോരാടിയ ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് 226 ഇലക്ട്രൽ വോട്ടുകൾ മാത്രമാണ് നേടാനായത്.