വാഷിംഗ്‌ടൺ: ജനുവരി 20 ന് വൈറ്റ് ഹൗസിൽ ചുമതലയേൽക്കുമ്പോൾ ചൈന, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ താരിഫ് ചുമത്താനുള്ള തീരുമാനത്തിൽ ഒപ്പിടുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയുടെ പ്രധാന 3 വ്യാപാര പങ്കാളികളാണ് മെക്സിക്കോ, ചൈന, കാനഡ. അതേസമയം, ഇന്ത്യയുടെ കാര്യത്തിൽ ട്രംപ് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ചരക്കുകൾക്കും തീരുവ ചുമത്തി രാജ്യത്തിന്റെ വലിയ വ്യാപാര പങ്കാളികളെ പ്രതിസന്ധിയിലാക്കുമെന്നും ട്രംപ് അറിയിച്ചു. പിന്നാലെ, ചൈനയും രംഗത്തെത്തി. വ്യാപാര യുദ്ധത്തിൽ ആരും വിജയിക്കാൻ പോകുന്നില്ലെന്നും ചൈന മുന്നറിയിപ്പ് നൽകി.
ജനുവരി 20-ന്, എൻ്റെ ആദ്യ എക്സിക്യൂട്ടീവ് ഓർഡറുകളിലൊന്നായി, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് വരുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം നികുതി ഈടാക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളിലും ഞാൻ ഒപ്പിടുമെന്ന് ട്രംപ് കുറിച്ചു. 25 ശതമാനത്തിന് പുറമെ 10 ശതമാനം അധികം ചൈനക്ക് ചുമത്തും. ഫെൻ്റനൈൽ കള്ളക്കടത്ത് തടയുന്നതിൽ ചൈന പരാജയപ്പെട്ടെന്നും ട്രംപ് കുറിച്ചു.ഫെൻ്റനൈൽ കള്ളക്കടത്ത് തടയാൻ ചൈന ശ്രമിച്ചെന്ന് യുഎസിലെ ചൈനയുടെ എംബസിയുടെ വക്താവ് ലിയു പെൻഗ്യു ഇമെയിൽ വഴി എഎഫ്‌പിയോട് പറഞ്ഞു. ചൈന-യുഎസ് സാമ്പത്തിക, വ്യാപാര സഹകരണം പരസ്പര പ്രയോജനകരമാണെന്ന് ചൈന വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.