ബാക്കു: കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നേരിടാൻ 2035 വരെ ദരിദ്രരാജ്യങ്ങള്‍ക്ക് സമ്പന്നരാജ്യങ്ങൾ പ്രതിവര്‍ഷം 30,000 കോടിഡോളറിന്റെ (25.33 ലക്ഷം കോടി രൂപ) സഹായം നല്‍കും. ഇതിനുള്ള കരാര്‍ അസര്‍ബയ്ജാനില്‍ നടന്ന യു.എന്‍. കാലാവസ്ഥാ ഉച്ചകോടി ഞായറാഴ്ച (കോപ്-29) അംഗീകരിച്ചു.
കാലാവസ്ഥാ സഹായധനത്തിന്റെ കാര്യത്തില്‍ അന്തിമതീര്‍പ്പിലെത്താനാകാഞ്ഞതിനാലാണ് വെള്ളിയാഴ്ച അവസാനിക്കേണ്ട ഉച്ചകോടി ഞായറാഴ്ചത്തേക്കു നീണ്ടത്.
അതേസമയം, ഈ തുക അപര്യാപ്തമാണെന്ന് ഇന്ത്യയുൾപ്പെടെയുള്ള വികസ്വരരാജ്യങ്ങള്‍ വിമർശിച്ചു. കരാര്‍ ഒരു മായാക്കാഴ്ചമാത്രമാണെന്നും നാം നേരിടുന്ന കാലാവസ്ഥാവെല്ലുവിളികളെ അത് അഭിസംബോധന ചെയ്യുന്നില്ലെന്നും സമാപനസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി ചാന്ദ്‌നി റെയ്‌ന പറഞ്ഞു. സമ്പന്നരാജ്യങ്ങള്‍ കൂടുതല്‍ തുക നല്‍കാന്‍ തയ്യാറാകാത്തതിനെ പഴിച്ച വികസ്വരരാഷ്ട്രങ്ങള്‍, കരാര്‍ തിടുക്കത്തിൽ അംഗീകരിച്ചതിന് ഉച്ചകോടിയുടെ ആതിഥേയരായ അസര്‍ബയ്ജാനെ കുറ്റപ്പെടുത്തി.
2035 വരെ വർഷം 1.3 ലക്ഷം കോടി ഡോളർവീതം സമ്പന്നരാജ്യങ്ങൾ നൽകണമെന്നായിരുന്നു വികസ്വരരാജ്യങ്ങളുടെ ആവശ്യം. കാലാവസ്ഥാവ്യതിയാനത്തിനു കാരണമായ ഹരിതഗൃഹവാതകങ്ങൾ പുറത്തുവിട്ടാണ് അവർ സമ്പന്നരായത്; എന്നാൽ, കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഏറെ അനുഭവിക്കുന്നത് ദരിദ്രരാജ്യങ്ങളാണ്. അതിനാലാണ്, അവരിൽനിന്ന് വികസ്വരരാജ്യങ്ങൾ ഇത്ര വലിയ തുക ആവശ്യപ്പെടുന്നത്
കരാറിന്റെ ഫലം മനുഷ്യരാശിക്ക് ആഗോളതാപനത്തെ പ്രതിരോധിക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് പോളിസിയാകുമെന്ന് യു.എന്‍. കാലാവസ്ഥാ മേധാവി സൈമണ്‍ സ്‌റ്റീല്‍ പറഞ്ഞു. സമവായത്തിലെത്താന്‍ നേരിട്ട ബുദ്ധിമുട്ടുകളും അദ്ദേഹം തുറന്നുപറഞ്ഞു.