ലണ്ടൻ : ഇന്ത്യ വിട്ടത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വധഭീഷണി കാരണമാണെന്ന് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. സുരക്ഷ ഒരുക്കാൻ പൊലീസിന് പോലും കഴിഞ്ഞില്ലെന്നും രക്ഷപ്പെടാനായി വിമാനത്താവളത്തിലെ വിഐപി എക്സിറ്റ് ഉപയോഗിക്കണമെന്ന് തന്റെ സ്വകാര്യ അംഗരക്ഷകൻ തന്നോട് പറഞ്ഞിരുന്നതായും ലളിത് മോദി അവകാശപ്പെട്ടു. രാജ് ഷമണിയുടെ പോഡ്‌കാസ്റ്റിലെ ‘ഫിഗറിങ് ഔട്ട്’ എന്ന എപ്പിസോഡിലാണ് ലളിത് മോദിയുടെ തുറന്നുപറച്ചിൽ
തുടക്കത്തിൽ ഇന്ത്യ വിടാൻ എന്നെ നിർബന്ധിതമാക്കുന്ന നിയമപ്രശ്‌നങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ദാവൂദ് ഇബ്രാഹിമിൽനിന്ന് എനിക്ക് വധഭീഷണി ഉണ്ടായിരുന്നു. ദാവൂദ് ഇബ്രാഹിം ഐപിഎൽ മത്സരങ്ങളിൽ വാതുവയ്പ്പിനായി എന്നെ നിർബന്ധിച്ചു. എന്നാൽ വാതുവയ്പ്പിന് താൻ വഴങ്ങിയില്ല. അതെന്റെ നയമായിരുന്നില്ല. അഴിമതി വിരുദ്ധതയും കളിയുടെ വിശ്വാസ്യതയും ആയിരുന്നു എനിക്ക് പ്രധാനം.
സുരക്ഷിതമായി രാജ്യത്തിന് പുറത്തുകടക്കാൻ വിമാനത്താവളത്തിലെ വിഐപി എക്സിറ്റ് ഉപയോഗിക്കണമെന്ന് എന്റെ സ്വകാര്യ അംഗരക്ഷകൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഞാൻ ദാവൂദിന്റെ ഹിറ്റ് ലിസ്റ്റിൽപ്പെട്ട ആളാണെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഹിമാൻഷു റോയ് പറഞ്ഞിരുന്നു. 12 മണിക്കൂർ മാത്രമേ എനിക്ക് സംരക്ഷണം ഉറപ്പാക്കാനാകൂവെന്നും അവർ അറിയിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുകയാണെന്ന് മനസ്സിലായി.’’ – ലളിത് മോദി പോഡ്കാസ്റ്റിൽ വെളിപ്പെടുത്തി.
തനിക്ക് എപ്പോൾ വേണമെങ്കിലും ഇന്ത്യയിലേക്ക് മടങ്ങാമെന്നും ലളിത് മോദി പോഡ്കാസ്റ്റ് അഭിമുഖത്തിനിടെ കൂട്ടിച്ചേർത്തു. ‘‘എനിക്ക് നാളെ രാവിലെ വേണമെങ്കിൽ മടങ്ങാം, പക്ഷേ പോകരുത് എന്നാണ് തീരുമാനം. നിയമപരമായി ഞാൻ ഇന്ത്യയിൽ ഒരു പിടികിട്ടാപ്പുള്ളിയല്ല. എനിക്കെതിരെ ഒരു കോടതിയിലും കേസുമില്ല. ഉണ്ടെങ്കിൽ അതിന്റെ രേഖകൾ പുറത്തുവരട്ടെ.’’ – ലളിത് മോദി പറഞ്ഞു.
ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുടെ ഹിറ്റ് ലിസ്റ്റിൽ പെട്ട ആളായിരുന്നു ലളിത് മോദി. ഏതാനും വർഷങ്ങൾക്ക് മുൻപ്, ദാവൂദിന്റെ നിർദേശപ്രകാരം ഒരു സംഘം ഷാർപ്പ് ഷൂട്ടർമാരെ ലളിത് മോദി താമസിച്ചിരുന്ന ബാങ്കോക്കിലേക്ക് അയച്ചിരുന്നുവെന്ന് ഛോട്ടാ ഷക്കീൽ വെളിപ്പെടുത്തിയിരുന്നു. ലളിത് മോദിയെ വധിക്കാൻ തന്നെയാണ് ഇവർ എത്തിയതെന്നും എന്നാൽ അതിനുമുൻപ് തന്നെ ലളിത് അവിടെ നിന്ന് കടന്നുകളഞ്ഞിരുന്നുവെന്നുമാണ് ഛോട്ടാ ഷക്കീൽ അന്ന് പറഞ്ഞത്