വിൽനിയസ് : ലിത്വാനിയൻ തലസ്ഥാനമായ വിൽനിയസ് വിമാനത്താവളത്തിലിറങ്ങുകയായിരുന്ന ചരക്കുവിമാനം പൊട്ടിത്തെറിച്ച് അടുത്തുള്ള വീട്ടിനുമീതെ വീണ് ഒരാൾ മരിച്ചു. ജർമനിയിലെ ബോൺ ആസ്ഥാനമായുള്ള ഡി.എച്ച്.എൽ. ചരക്കു കമ്പനിയുടെ ബോയിങ് 737 വിമാനമാണ് തകർന്നത്. വിമാനത്തിലെ ജീവനക്കാരനായ സ്പാനിഷ് പൗരനാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.
മഡ്രിഡ് ആസ്ഥാനമായുള്ള കരാറുകാരായ സ്വിഫ്റ്റ് എയറാണ് വിമാനം പറത്തിയിരുന്നത്. വിമാനത്തിന് 31 വർഷം പഴക്കമുണ്ടെങ്കിലും ചരക്കുവിമാനമായി ഉപയോഗിക്കുന്നത് സാധാരണമാണെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
യുക്രൈനെ പിന്തുണയ്ക്കുന്ന രാജ്യമായ ലിത്വാനിയയിൽ പലതരം അട്ടിമറിക്ക് റഷ്യ ശ്രമിക്കുമെന്ന് പാശ്ചാത്യരാജ്യങ്ങൾ അഭിപ്രായപ്പെട്ടിരിക്കെയാണ് ഈ സംഭവം.