Friday, January 10, 2025
HomeBreakingNewsപരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു:രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് സുരേന്ദ്രന്‍

പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു:രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോല്‍വിയിലും തന്റെ രാജി വാര്‍ത്തയിലും പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം കേള്‍ക്കാന്‍ വിധിക്കപ്പെട്ടയളാണ് താന്‍ എന്ന് സുരേന്ദ്രന്‍ പറഞ്ഞു. ‘പരാജയമുണ്ടായാല്‍ പ്രസിഡന്റാണ് എപ്പോഴും പഴി കേള്‍ക്കുന്നത്. പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം എനിക്ക് തന്നെയാണ്,’ സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ സ്ഥാനമാറ്റം വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമല്ല എന്നും കേന്ദ്ര നേതൃത്വമാണ് അക്കാര്യം തീരുമാനിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നേതൃത്വം എന്ത് പറഞ്ഞാലും അത് അതനുസരിക്കും. തന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചകള്‍ ഉണ്ടെങ്കില്‍ ഓഡിറ്റ് ചെയ്യപ്പെടണം എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബിജെപിക്ക് പാലക്കാട്ട് അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹം സമ്മതിച്ചു. പാലക്കാട്ട് വോട്ട് ശതമാനം ഉയര്‍ത്താന്‍ കഴിഞ്ഞില്ല എന്നും ഇതില്‍ ശരിയായ വിലയിരുത്തല്‍ നടത്തും എന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 ല്‍ പാലക്കാട് മത്സരിച്ചത് ഇ ശ്രീധരനാണ്.

ശ്രീധരന് പൊതുസമൂഹത്തില്‍ നിന്ന് നല്ല നിലയില്‍ വോട്ട് കിട്ടിയിട്ടുണ്ട്എന്നും ആ വോട്ടുകള്‍ സമാഹരിക്കാന്‍ സി കൃഷ്ണകുമാറിന് ഇത്തവണ കഴിഞ്ഞില്ല എന്നത് വസ്തുതയാണ് എന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയരുന്നുണ്ട് എന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തിയല്ല സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുമ്മനം രാജശേഖരനായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ചുമതല. നരേന്ദ്ര മോദിയും അമിത് ഷായും അടങ്ങുന്ന പാര്‍ലമെന്ററി ബോര്‍ഡിന്റെ അംഗീകാരത്തോടെയാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. പാലക്കാടില്‍ മത്സരിക്കാന്‍ മൂന്ന് പേരുകളാണ് ചര്‍ച്ചയില്‍ വന്നത് എന്നും ഇതില്‍ രണ്ട് പേര്‍ മല്‍സരിക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് സ്ഥാനാത്ഥിത്വം കൃഷ്ണകുമാറിലേക്ക് എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

കൃഷ്ണ കുമാറിനും മത്സരിക്കാന്‍ വിമുഖത ഉണ്ടായിരുന്നു. എന്നാല്‍ മലമ്പുഴയില്‍ മൂവായിരം വോട്ടുകള്‍ അമ്പതിനായിരം ആക്കിയ സ്ഥാനാര്‍ഥിയാണ് കൃഷ്ണകുമാര്‍ എന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രശ്‌നമുണ്ടെന്ന് വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരസ്യ പ്രസ്താവനകള്‍ എല്ലാം പരിശോധിക്കും.

കോണ്‍ഗ്രസുമായി ചേര്‍ന്ന് പോകണം എന്നാണ് ചില നിരീക്ഷകരും ഓണ്‍ലൈന്‍ മാധ്യമങ്ങളും ആവശ്യപ്പെടുന്നത് എന്നും ഈ ആവശ്യം അംഗീകരിക്കാത്തതിന്റെ ചൊരുക്കാണ് ചിലര്‍ക്കുളളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിലെ തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്നത് എസ്ഡിപിഐ ആണെന്നും അദ്ദേഹം ആരോപിച്ചു. എല്‍ഡിഎഫിനും യുഡിഎഫിനും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ട്.

കേരളത്തില്‍ മതതീവ്രവാദം വളരുകയാണ് എന്നും സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം സുരേന്ദ്രന്‍ രാജി വെക്കില്ല എന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത് എന്നും 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാടിനൊപ്പം മറ്റ് നിരവധി സീറ്റുകളും ബിജെപി ജയിക്കും എന്നും അദ്ദേഹം പറഞ്ഞു.

ആരും ബിജെപിയില്‍ നിന്ന് രാജിവെക്കുകയോ ആരുടെയെങ്കിലും രാജി ആവശ്യപ്പെടുകയോ ചെയ്യുന്നില്ല എന്നും അസംബന്ധമാണ് ഇത്തരം വാദങ്ങള്‍ എന്നും ജാവദേക്കര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments